വിജയ് ചിത്രം ബീസ്റ്റിന്റെ റിലീസ് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് തമിഴ് മാനില മുസ്ലിം ലീഗ് കത്തു നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 13നാണ് വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ബീസ്റ്റ്' തിയേറ്ററുകളിലേക്കെത്തുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗുമായി ഈ സംഘടനയ്ക്ക് ബന്ധമില്ല.
ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്നാരോപിച്ചാണ് കത്ത് നല്‍കിയത്. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിങ്ങള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ബീസ്റ്റ് പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്ക് നയിക്കുമെന്നും കത്തില്‍ പറയുന്നു.
കുറുപ്പ്', 'എഫ്‍ഐആര്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈറ്റിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വീരരാഘവൻ എന്ന സ്പൈ ഏജന്റായിട്ടാണ് വിജയ് ബീസ്റ്റിൽ എത്തുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊലമാവ് കോകിലയും, ഡോക്ടറുമാണ് നെൽസന്റെ മറ്റ് ചിത്രങ്ങൾ. നഗരത്തിലെ ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത തീവ്രവാദികളിൽ നിന്ന് സന്ദർശകരെ രക്ഷിക്കുന്ന ദൗത്യമേറ്റെടുക്കുന്ന വിജയ് കഥാപാത്രമായിരിക്കും ബീസ്റ്റിലെ വീരരാഘവനെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് സംഗീതം നൽകിയ സിനിമയിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടി കഴിഞ്ഞു.