നവംബർ 1 മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. ഓഗസ്റ്റ് 16 മുതൽ എല്ലാ പുതുതായി ആരംഭിക്കാൻ പോകുന്ന എല്ലാ സിനിമകളുടെയും പ്രൊജക്ടുകൾ നിർത്തി വയ്ക്കാനും മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത് 8 ആഴ്‌ച കഴിഞ്ഞ് മാത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്താൽ മതിയെന്നും യോഗത്തിൽ ഐകകണ്‌ഠേന തീരുമാനിച്ചു. തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ്റെയും തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ്റെയും അംഗങ്ങളുമായി ചേർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ നടത്തിയ യോഗത്തിലാണ് ഈ പ്രമേയങ്ങൾ പാസാക്കിയത്.
നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രൊജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. നടൻ ധനുഷ് നിരവധി നിർമ്മാതാക്കളിൽ നിന്ന് പ്രതിഫലം അഡ്വാൻസ് വാങ്ങിയത് കണക്കിലെടുത്ത് നടൻ അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ ജോലികൾ ആരംഭിക്കുന്നതിന് മുമ്പും പുതിയ പ്രോജക്റ്റുകൾക്കായി അദ്ദേഹത്തെ സമീപിക്കുന്നതിന് മുമ്പും നിർമ്മാതാക്കൾ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് സംഘടന അറിയിച്ചു. 2023 ൽ ധനുഷ് തങ്ങളിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും ഷൂട്ടിംഗിന് വന്നിട്ടില്ലെന്നും ശ്രീ തേനാൻഡൽ ഫിലിംസ് അവകാശപ്പെട്ടിരുന്നു. ഒപ്പം നിലവിൽ നിർമ്മാണത്തിലിരിക്കുന്ന സിനിമകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കണം എന്നും അതേ സമയം ഒക്ടോബർ 30 നകം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കണമെന്നും നിർമ്മാതാക്കളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ശമ്പളവും മറ്റ് ചെലവുകളും അനിയന്ത്രിതമായി ഉയരുന്നതിനാൽ അതിനെ പുനഃക്രമീകരിക്കാനും നിയന്ത്രിക്കാനും കൗൺസിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
ഭാവിയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി നിർമ്മാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരടങ്ങുന്ന ഒരു ജോയിൻ്റ് ആക്ഷൻ കമ്മിറ്റിയും (ജെഎസി) സംഘടന രൂപീകരിച്ചിട്ടുണ്ട്.
തമിഴ് സിനിമ ഇത്തരത്തിലുള്ള കടുത്ത നീക്കങ്ങളിലേക്ക് കടക്കുന്നത് ഇത് ആദ്യമായല്ല. മൾട്ടിപ്ലക്‌സുകളിലെയും സിംഗിൾ സ്‌ക്രീനുകളിലെയും സിനിമകളുടെ ഡിജിറ്റൽ വിതരണത്തിൽ ഈടാക്കുന്ന വെർച്വൽ പ്രിൻ്റ് ഫീയുടെ നിരക്ക് നിർമ്മാതാക്കളുടെ വരുമാന വിഹിതത്തെ ബാധിക്കുന്നു എന്ന പ്രശ്നത്തിൽ പ്രതിഷേധിച്ച് 2018 ലും സംഘടന ഇത്തരത്തിലുള്ള ഒരു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.