'എല്ലാവരുടെയും മുന്നിൽ വച്ച് ആ സംവിധായകൻ എന്നെ അടിച്ചു, എന്റെ അഭിനയം ശരിയായില്ലെന്നാണ് അയാൾ അന്ന് പറഞ്ഞത്'; പത്മപ്രിയ

'എല്ലാവരുടെയും മുന്നിൽ വച്ച് ആ സംവിധായകൻ എന്നെ അടിച്ചു, എന്റെ അഭിനയം ശരിയായില്ലെന്നാണ് അയാൾ അന്ന് പറഞ്ഞത്'; പത്മപ്രിയ
Published on

'മൃ​ഗം' എന്ന തമിഴ് സിനിമയുടെ സംവിധായകൻ തന്നെ പരസ്യമായി തല്ലിയെന്ന് നടി പത്മപ്രിയ. സെറ്റിൽ സംസാരിക്കുന്ന സ്ത്രീകൾ പ്രശ്നമുണ്ടാക്കുന്നവരായാണ് പരി​ഗണിക്കപ്പെടുന്നത് എന്നും അതിനുള്ള വ്യക്തപരമായ ഉദാഹരണമായിരുന്നു മൃ​ഗം സിനിമയുടെ സെറ്റിൽ തനിക്ക് സംഭവിച്ചത് എന്നും പത്മപ്രിയ പറഞ്ഞു. ശരിയായി അഭിനയിച്ചില്ല എന്നതിന്റെ പേരിലാണ് ആ സംവിധായകൻ തന്നെ അടിച്ചതെന്നും എന്നാൽ വിരോധാഭാസം എന്ന് പറയട്ടെ, ആ സിനിമയിലെ അഭിനയത്തിന് തനിക്ക് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു എന്നും പത്മപ്രിയ പറഞ്ഞു. എന്നാൽ പിന്നീട് മാധ്യമങ്ങളിൽ ആ സംഭവത്തെക്കുറിച്ച് വന്ന വാർത്ത് താൻ സംവിധായകനെ അടിച്ചു എന്നതായിരുന്നു എന്നും ഇത് സിനിമയിൽ സ്ത്രീകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു. കോഴിക്കോട് മടപ്പള്ളി കോളജില്‍‌ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തവെയാണ് പത്മപ്രിയ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

പത്മപ്രിയ പറഞ്ഞത്:

സാമൂഹ്യ പരമായിട്ടും സാംസ്കാരികപരമായിട്ടും സ്ത്രീകൾ ഒരുപാട് സംസാരിക്കുന്നവരും ​ഗോസിപ്പ് പറയുന്നവരുമായാണ് കണക്കാക്കുന്നത്. പക്ഷേ സിനിമ സ്ക്രീനിലേക്ക് വരുമ്പോൾ സ്ത്രീകളാണ് ഏറ്റവും കുറവായി സംസാരിക്കുന്നത്. സെറ്റിൽ നമ്മൾ സംസാരിച്ചാൽ നമ്മൾ പ്രോബ്ലം മേക്കേഴ് ആയാണ് കണക്കാക്കപ്പെടുന്നത്. എന്റെ വ്യക്തിപരമായ ഒരു അനുഭവം തന്നെ ഞാൻ അതിന് ഉദാഹരണമായി ഇവിടെ പറയാം. ഞാൻ മൃ​ഗം എന്നൊരു തമിഴ് സിനിമ ചെയ്യുന്ന സമയം. ആ സിനിമ ചെയ്യുന്നവരെയും എനിക്ക് സിനിമയിൽ നിന്ന് ഒരു തരത്തിലും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നില്ല. ആ സിനിമ ചെയ്ത് കഴിഞ്ഞ ഉടനെ ആ സിനിമയുടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽ വച്ച് എന്നെ അടിച്ചു. ആ സിനിമയ്ക്ക് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. ഇപ്പോൾ നിങ്ങൾ അതിനെക്കുറിച്ച് വന്നിട്ടുള്ള മീഡിയ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഞാൻ അയാളെ അടിച്ചു എന്നാണ് ന്യൂസ് വന്നിരിക്കുന്നത് മുഴുവൻ. ഒരു സ്ത്രീ ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിച്ചാൽ ആ പ്രശ്നത്തെ ആരും പരി​ഗണിക്കില്ല പകരം അവളാണ് പ്രശ്നം എന്നാണ് കരുതുന്നത്. പിന്നീട് അയാൾക്ക് ആറ് മാസത്തോളം ബാൻ നേരിടേണ്ടി വന്നിരുന്നു അതിന്റെ പേരിൽ. പക്ഷേ അതിന് ശേഷം എനിക്ക് തമിഴിൽ സിനിമ ലഭിക്കുന്നത് കുറഞ്ഞു. അയാൾ അന്ന് എന്നോട് പറഞ്ഞത് ഞാൻ ശരിക്ക് അഭിനയിക്കാത്തത് കൊണ്ടാണ് എന്നെ അടിച്ചത് എന്നാണ്. പക്ഷേ വിരോധാഭാസം പോലെ എനിക്ക് ആ സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചു. ഞാൻ ശരിയായിട്ടല്ല അഭിനയിച്ചത് എങ്കിൽ എന്തിനാണ് അയാൾ സിനിമ തീരുന്ന ദിവസം എന്നെ തല്ലിയത്? ഇത് സ്ത്രീകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല, സ്ത്രീകളോട് കൂടുതലായി നടക്കുന്നു എന്നതാണ്. നമ്മുടെ മലയാളം സിനിമയിൽ കുറേ നടന്മാരെ ബാൻ ചെയ്തിരിക്കുകയാണ്. അതൊരു നല്ല കാര്യമല്ല, കൂടാതെ ഇത് ക്രിയേറ്റീവ് ഇൻഡസ്ട്രിക്ക് ചേർന്ന കാര്യവുമല്ല.

2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം, ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു, എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in