കേരളത്തിന് കെെത്താങ്ങായി വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി

കേരളത്തിന് കെെത്താങ്ങായി വിക്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി
Published on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകി നടൻ വിക്രം. വിക്രമിന്റെ കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2018 ലെ പ്രളയകാലത്തും വിക്രം കേരളത്തിന് സഹായവുമായി എത്തിയിട്ടുണ്ട്. ദുരിതബാധിതർക്ക് എല്ലാവിധ സഹായവും നൽകുന്നത് ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടിൽനിന്ന് ആയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനുശേഷം നിരവധി പേരാണ് സഹായഹസ്തവുമായി എത്തുന്നത്. നിരവധി താരങ്ങൾ സഹായഹസ്തവുമായി എത്തി.

നിരവധി താരങ്ങൾ ഇതിനകം വയനാടിന് കെെതാങ്ങുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും കൈത്താങ്ങായി വയനാട്ടിലേക്കു തിരിച്ചുകഴിഞ്ഞു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി സംഘം നേരിട്ട് വയനാട്ടിലേക്കു പോകുകയായിരുന്നു.

ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ നടൻ വിജയ് സോഷ്യൽ മീഡിയയിലൂടെ വയനാടിന് അനുശോചനം അറിയിച്ചിരുന്നു. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും വിജയ് പറഞ്ഞിരുന്നു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ വയനാടിന് വേണ്ടി കെെകോർക്കാൻ അഭ്യർത്ഥിച്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ‌ എത്തിയിരുന്നു.

അതേ സമയം ഉരുൾപ്പൊട്ടൽ ബാധിച്ച മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയിൽ മാത്രമുണ്ടായിരുന്നത്. അതിൽ ഇരുപത്തഞ്ചോളം വീടുകൾ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങൾ പൂർണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകർന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉൾപ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവർക്കായി രാത്രിവൈകുവോളം രക്ഷാപ്രവർത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാൽ നിർത്തിയ തിരച്ചിൽ രാവിലെയാണ് വീണ്ടുമാരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in