ആ ഭാ​ഗമെത്തിയപ്പോൾ കമൽ സാറിന് രോമാഞ്ചം വന്നു; കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സുഷിൻ ശ്യാം

ആ ഭാ​ഗമെത്തിയപ്പോൾ കമൽ സാറിന് രോമാഞ്ചം വന്നു; കമൽഹാസനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സുഷിൻ ശ്യാം
Published on

മഞ്ഞുമ്മൽ ബോയ്സിലെ 'കൺമണി അൻപോട്' എന്ന ​ഗാനം കണ്ട് കമൽ ഹാസൻ കോരിത്തരിച്ചുവെന്ന് സം​ഗീത സംവിധായകൻ സുഷിൻ ശ്യാം. സിനിമയിൽ എവിടെയായിരിക്കും ഈ പാട്ട് വരുന്നത് എന്നറിയാൻ അദ്ദേഹത്തിന് വളരെ ആകാംഷയുണ്ടായിരുന്നുവെന്നും സിനിമയിൽ‌ അത് കണ്ടിട്ട് അദ്ദേഹത്തിന് രോമാഞ്ചം വന്നു എന്നു സുഷിൻ പറയുന്നു. അദ്ദേഹം സിനിമയുടെ ഒരു മാസ്റ്റർ ക്ലാസാണ്. അദ്ദേഹത്തിന് ചുറ്റുമിരുന്ന് എങ്ങനെയാണ് ഒരോ ഷോട്ടിലും അദ്ദേഹം എക്സെെറ്റഡായത് എന്ന് തങ്ങളോട് വിശദീകരിച്ചുവെന്നും കമൽ ഹാസനെ നേരിട്ട് കണ്ടതിൽ വളരെ സന്തോഷമുണ്ടെന്നും ഒരു തമിഴ് ഓൺലെെൻ മീഡിയയോട് സുഷിൻ പറഞ്ഞു

സുഷിൻ ശ്യാം പറഞ്ഞത്:

അദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം. അദ്ദേഹം ഒരു മാസ്റ്റർ ക്ലാസ് ആണെന്ന് നി​ങ്ങൾക്ക് അറിയാമല്ലോ? ഞങ്ങൾ അദ്ദേഹത്തിന്റെ ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. എങ്ങനെയാണ് അദ്ദേഹം ഈ സിനിമയിലെ ഒരോ ഷോട്ടും കണ്ട് എക്സെെറ്റഡായതെന്ന് അ​​ദ്ദേഹം വിശദീകരിച്ചു. അദ്ദേഹം കാത്തിരിക്കുകയായിരുന്നു ഈ സിനിമയിൽ എവിടെയായിരിക്കും കൺമണി അൻപോട് കാതലൻ എന്ന ​ഗാനം വരുന്നത് എന്ന്. ആ സീൻ വന്നപ്പോൾ അദ്ദേഹത്തിന് രോമാഞ്ചം വന്നു എന്ന് പറഞ്ഞു. കേട്ടപ്പോൾ വളരെയധികം എക്സെെറ്റ്മെന്റ് തോന്നി. സിനിമ കണ്ട എല്ലാവർക്കും അത് കിട്ടി എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്.

1991 ൽ കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ​ഗുണ. ചിത്രത്തിലെ ഇളയരാജ സംവിധാനം ചെയ്ത ​ഗാനങ്ങളെല്ലാം അക്കാലത്തും പിന്നീടും പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചവയാണ്. ചിത്രത്തിലെ കൺമണി അൻപോട് എന്ന് തുടങ്ങുന്ന ​ഗാനം മഞ്ഞുമ്മൽ ബോയ്സിന്റെ സുപ്രധാന ​രം​ഗങ്ങളിലെ ഒരു ഘടകമാണ്. കമൽ ഹാസൻ സിനിമകളുടെ റെഫറൻസുകൾ ചിത്രത്തിൽ ഉപയോ​ഗിച്ചിട്ടുണ്ട് എന്നും മുമ്പ് സംവിധായകൻ ചിദംബരം പറഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്സ് കാരണമെങ്കിലും കമൽ ഹാസനെ കാണണം എന്ന ആ​ഗ്രഹവും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട്ടിലെ പ്രമോഷനിടെ ചിത്രത്തിന്റെ മുഴുവൻ ടീമും കമൽ ഹാസനെ നേരിട്ട് കാണുകയും അദ്ദേഹത്തിന് വേണ്ടി സിനിമയുടെ പ്രത്യേക സ്ക്രീനിം​ഗും നടത്തി.

കേരളത്തിന് പുറമേ തമിഴ്നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണമാണ് നേടുന്നത്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in