നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോടെ ബോളിവുഡിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് മുംബൈ പൊലീസ്. സുശാന്തിന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും സിനിമാമേഖലയില്‍ നിന്ന് പുറത്താക്കാനും ശ്രമങ്ങള്‍ നടന്നു എന്ന് പറഞ്ഞുവെക്കുന്നതായിരുന്നു സംവിധായകന്‍ ശേഖര്‍ കപൂറിന്റെയുള്‍പ്പടെ വെളിപ്പെടുത്തലുകള്‍. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കരണ്‍ ജോഹറും യാഷ് രാജ് പ്രൊഡക്ഷനും ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം ആണെന്ന പ്രചരണവുമുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
യാതൊരു സിനിമാപാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ നിന്ന് ബോളിവുഡിലെത്തിയ സുശാന്തിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയുമുണ്ടായതാണ്. ബോളിവുഡിന്റെ കുടുംബാധിപത്യവും, പുറത്തുനിന്നുവന്ന സുശാന്തിനെ പോലുള്ള താരങ്ങള്‍ ഒതുക്കപ്പെടുന്നതും, സംഘടിത ആക്രമണം നേരിടുന്നതുമുള്‍പ്പടെ ചര്‍ച്ചയായിരുന്നു.
ബോളിവുഡിലെ മാറ്റിനിര്‍ത്തലുകളെ കുറിച്ച് സുശാന്ത് തന്നെ ഒരിക്കല്‍ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അന്ന് സുശാന്ത് ആരാധകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, 'നിങ്ങള്‍ എന്റ സിനിമകണ്ടില്ലെങ്കില്‍ ഞാന്‍ ബോളിവുഡില്‍ നിന്ന് പുറത്താക്കപ്പെടും. എനിക്ക് സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ല, ഞാന്‍ നിങ്ങളെയെല്ലാവരെയുമാണ് എന്റെ ഗോഡ്‌സും ഫാദേര്‍സും ആക്കിയിരിക്കുന്നത്. എനിക്ക് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ നിങ്ങള്‍ എന്റെ സിനിമകള്‍ കാണണം.'
ബോളിവുഡില്‍ സുശാന്ത് അദൃശ്യ വിലക്ക് നേരിട്ടിരുന്നു എന്നതിന്റെ സൂചനയായിരുന്നു സംവിധായകന്‍ ശേഖര്‍ കപൂറിന്റെ ട്വീറ്റിലുമുണ്ടായിരുന്നത്. സുശാന്തിനെ ഒതുക്കാന്‍ ശ്രമിച്ചവരെ അറിയാമെന്നും ശേഖര്‍ കപൂര്‍ പറഞ്ഞിരുന്നു. 'നിനക്കെന്താണോ സംഭവിച്ചത് അത് അവരുടെ കര്‍മ്മം മൂലമാണ്, നിന്റെയല്ല', ട്വീറ്റില്‍ ശേഖര്‍ കപൂര്‍ കുറിച്ചു.
സുശാന്ത് സിനിമാമേഖലയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് പോയെന്നാണ് സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റും സുഹൃത്തുമായ സപ്‌ന ഭവാനി ട്വീറ്റ് ചെയ്തത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ആരും തന്നെ സുശാന്തിനൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ല, ഈ മേഖല അത്രമാത്രം ഇടുങ്ങിയതാണെന്നും ഇവിടെ ആരും സുഹൃത്തുക്കളില്ലെന്നും സപ്‌ന ട്വീറ്റ് ചെയ്തിരുന്നു.
ഇന്ന് രാത്രി 'ബോളിവുഡ് പ്രിവിലേജ് ഗ്രൂപ്പ്' ഉറപ്പായും ഇരുന്ന് ചിന്തിക്കണമെന്നായിരുന്നു സുശാന്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംവിധായകനും നിര്‍മ്മാതാവുമായ അനുഭവ് സിന്‍ഹയുടെ ട്വീറ്റ്.
ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ട്വീറ്റുകളെങ്കിലും കരണ്‍ ജോഹറും ആലിയ ഭട്ടും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയായിരുന്നു വിമര്‍ശനം ശക്തമായത്. സ്വജനപക്ഷപാത സംഘത്തിന്റെ തലവന്‍ എന്നായിരുന്നു കര്‍ണ്‍ ജോഹറിനെ ട്വിറ്ററില്‍ പലരും വിശേഷിപ്പിച്ചത്. കരണ്‍ ജോഹറിന്റെയും ആലിയ ഭട്ടിന്റെയും അനുശോചന കുറിപ്പും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും, യഷ്‌രാജ് ഫിലിംസും, ടി സീരീസുമടക്കം സുശാന്തിനെ വിലക്കിയെന്ന് കാണിച്ച് നടന്‍ കമല്‍ ആര്‍ ഖാന്‍ ഫെബ്രുവരിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ചിലരുടെ വിമര്‍ശനം. യഷ്‌രാജ് നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ച് സുശാന്ത്, ശേഖര്‍ കപൂര്‍ ചിത്രം തെരഞ്ഞെടുത്തതാണ് വിദ്വേഷത്തിന് കാരണമാണെന്നും തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നിന്ന് സുശാന്ത് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നുവെന്നും ആരോപണമുണ്ട്.
അതേസമയം സുശാന്തിന്റെ ആത്മഹത്യയില്‍ അടുത്ത സുഹൃത്തുക്കളുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തുകയാണ് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ ഗൊറിഗോണിലുള്ള സഹോദരി, ഏറ്റവുമൊടുവില്‍ നടന്‍ വിളിച്ച സുഹൃത്ത് മഹേഷ് ഷെട്ടി, നടി റിയ ചക്രബൊര്‍തി, മാനേജര്‍മാര്‍, പാചകക്കാരന്‍ എന്നിവരില്‍ നിന്നാണ് അന്വേഷണസംഘം വിശദാംശങ്ങള്‍ ശേഖരിച്ചത്. സുശാന്ത് സിങ്ങിന് സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് സഹോദരി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ 6 മാസമായി സുശാന്ത് വിഷാദത്തിന് ചികിത്സ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഞായറാഴ്ച സുശാന്ത് തന്നെ വിളിച്ചിരുന്നതായിും എന്നാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും സുഹൃത്ത് മഹേഷ് ഷെട്ടി പറഞ്ഞു.