കങ്കണ റണാവത്തിന്റെ മുബൈ ഓഫീസ് പൊളിച്ചുമാറ്റിയതിൽ അതൃപ്തി രേഖപ്പെടുത്തി സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി. അനധികൃത നിർമ്മാണം കണ്ടെത്തിയതിനെ തുടർന്നായിരുന്നു കങ്കണയുടെ ഓഫീസ് പൊളിച്ചുനീക്കാനുള്ള നടപടി മുംബൈ കോർപറേഷൻ ആരംഭിച്ചത്. വിഷയത്തിൽ കങ്കണയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്വേത. ഇത്തരം അനീതികൾ കണ്ട് കണ്ണടക്കാനാവില്ലെന്നും ശ്വേത പറയുന്നു.
'ദൈവമേ! എന്തൊരു ഗുണ്ടാരാജ്യമാണിത്? ഇത്തരത്തിലുള്ള അനീതി അനുവദിക്കരുത്! മഹാരാഷ്ട്ര സർക്കാർ ഈ അനീതിക്ക് ഉത്തരം നൽകുമോ? നമുക്ക് വീണ്ടുമൊരു രാമരാജ്യം സ്ഥാപിക്കാം'. #വീ ഡിമാന്റ് രാംരാജ് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലൂടെ ആയിരുന്നു ശ്വേതയുടെ പ്രതികരണം.
'ഇന്ന് അവർ എന്റെ വീട് കത്തിച്ചു. നാളെ അത് നിങ്ങളുടേതാവാം. ഗവൺമെന്റുകൾ മാറി മാറി ഭരിക്കുമ്പോഴും, നിങ്ങളുടെ ശബ്ദത്തെ അക്രമാസക്തമായി അടിച്ചമർത്തുന്നത് സാധാരണ സംഭവമാകുന്നു. ഇന്ന് ഒരു വ്യക്തിക്കുനേരെ തീ കൊളുത്തി. നാളെ അത് ആയിരങ്ങൾക്ക് നേരെ ഉണ്ടാകാം. ഇപ്പോൾ ഉണരുക'. എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഓഫീസ് പൊളിക്കുന്നത് രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമാണെന്നും ഇവിടെ രാമക്ഷേത്രം വീണ്ടും നിർമ്മിക്കുമെന്നും കങ്കണ ട്വീററിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വീ ഡിമാന്റ് രാംരാജ് എന്ന ഹാഷ്ടാഗിൽ പങ്കുവെച്ച ശ്വേതയുടെ ട്വീറ്റ്. ഓഫീസ് പെളിച്ചുമാറ്റിയ സംഭവത്തിൽ മുംബൈ കോർപറേഷനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കങ്കണ.