സുശാന്ത് സിങ്ങ് രാജ്പുത് അഭിനയിച്ച അവസാന ചിത്രമായി ദില്‍ ബേച്ചാരേ ജൂലൈ 24ന് ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുകയാണ്. പ്രിയ സുഹൃത്തിന് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു ഈ സിനിമയിലെ നായകവേഷത്തിലൂടെ സുശാന്ത് ചെയതത്. കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷ് ചബ്രായുടെ പ്രഥമ സംവിധാന സംരംഭമാണ് ദില്‍ ബേച്ചാരേ. ഈ സിനിമ തന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്നു വികാരാധീനനായി പറയുന്നു മുകേഷ് ചബ്രാ. സുശാന്തിന് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ കൈ പൊ ചെ എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് ചബ്ര. സംവിധായക മോഹം മനസ്സില്‍ സൂക്ഷിച്ചു നടന്നിരുന്ന ആളായിരുന്നു ചബ്രാ. മുകേഷ് സംവിധായകനായാല്‍ നായകനായി അഭിനയിക്കാമെന്ന് സുശാന്ത് വാഗ്ദാനം നല്‍കുകയും ഏഴു വര്‍ഷത്തിനു ശേഷം സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ആ വാക്ക് പാലിക്കുകയും ചെയ്തു.
മുകേഷ് ഛബ്രയുടെ വാക്കുകള്‍
ദില്‍ ബേച്ചാരേയുമായി സമീപിച്ചപ്പോള്‍ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത് .വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകന്‍ എന്ന് തീര്‍ച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാഭാഗ്യം തന്നെയായിരുന്നു . അദ്ദേഹം സെറ്റില്‍ വെച്ച് എന്നെ വളരെയധികം സഹായിച്ചു. ഞങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു ഓരോ രംഗവും ചിത്രീകരിച്ചു.നല്ലൊരു മനുഷ്യന്‍ ,നടന്‍ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തില്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞ മുഹൂര്‍ത്തങ്ങള്‍ കൂടിയായിരുന്നു അത്.
ഞാന്‍ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദില്‍ ബേച്ചാരേ.അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് .ചിത്രം ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകര്‍ന്നു നല്‍കുന്നതാണ് .ആ സന്തോഷം പങ്കു വെക്കാന്‍ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം സഹിക്കാനാകുന്നില്ല.
സഞ്ജനാ സംഗിയും സെയിഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദില്‍ ബേച്ചാരേ യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഏ .ആര്‍ .റഹ്മാനാണ് . ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ . ജോണ്‍ ഗ്രീന്‍സിന്റെ ' ദി ഫോള്‍ട് ഇന്‍ അവര്‍ സ്റ്റാര്‍സ് 'എന്ന പ്രസിദ്ധമായ നോവലിന്റെ ഹിന്ദി പതിപ്പാണ് ദില്‍ ബെച്ചരേ.