പുരസ്‌കാരം ദിയക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നു: അംഗീകാരത്തിന് നന്ദിയെന്ന് സൂര്യ

പുരസ്‌കാരം ദിയക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നു: അംഗീകാരത്തിന് നന്ദിയെന്ന് സൂര്യ
Published on

ദേശീയ പുരസ്‌കാരം മക്കളായ ദിയക്കും ദേവിനും സ്വന്തം കുടുംബത്തിനും സമര്‍പ്പിച്ച് നടന്‍ സൂര്യ. സൂരറൈ പോട്രു എന്ന സിനിമ നിര്‍മ്മിക്കാനും അതില്‍ അഭിനയിക്കാനും നിര്‍ബന്ധിച്ചതിന് ഭാര്യ ജ്യോതികയ്ക്കും സൂര്യ പ്രത്യേക നന്ദി അറിയിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 2ഡി എന്റര്‍ട്ടെയിന്‍മെന്റ്‌സ് എന്ന തന്റെ നിര്‍മ്മാണ കമ്പനിക്ക് ലഭിച്ച വലിയ അംഗീകരമാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് സൂര്യ നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

സൂര്യയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

വണക്കം,

ഞങ്ങളുടെ ജീവിതത്തെ ഇതുവരെ സമ്പന്നമാക്കിയ സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. സൂരറൈ പോട്രിന് അഞ്ച് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൊവിഡ് സമയത്ത് ഒടിടിയില്‍ റിലീസ് ചെയ്ത ഞങ്ങളുടെ ചിത്രത്തെ സ്വീകരിച്ചതിലും ഒരുപാട് സന്തോഷം. ദേശീയ പുരസ്‌കാരത്തില്‍ സൂരറൈ പോട്രിന് കിട്ടിയ അംഗീകാരം ആ സന്തോഷത്തെ ഇരട്ടിച്ചു. ഇത് ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കഥ പറയാനുള്ള സുധ കൊങ്കരയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമാണ്.

ദേശീയ പുരസ്‌കാര ജേതാക്കളായ അപര്‍ണ്ണ ബാലമുരളി, ജി.വി പ്രകാശ്, സുധ കൊങ്കര, ശാലിനി ഉഷ എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ നല്ല സിനിമയുടെ ഭാഗമായി പ്രയ്തനിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. മികച്ച സിനിമ എന്ന പുരസ്‌കാരം തീര്‍ച്ചയായും '2ഡി' ടീമിന് വലിയൊരു അംഗീകാരം തന്നെയാണ്. ഞാന്‍ എന്റെ പ്രിയ സുഹൃത്തും സിഇഒയുമായ രാജശേഖര്‍ പാണ്ഡ്യനും നന്ദി അറിയിക്കുന്നു.

അതോടൊപ്പം ഞാന്‍ എന്റെ അഭിനയത്തില്‍ വിശ്വാസം അര്‍പ്പിച്ച് എനിക്ക് ആദ്യ സിനിമ 'നെരുക്കു നേര്‍' തന്ന സംവിധായകന്‍ വസന്ത് സായിക്കും നിര്‍മ്മാതാവും സംവിധായകനുമായ മണിരത്‌നത്തിനും നന്ദി പറയുന്നു. പുരസ്‌കാര ജേതാവായ അജയ് ദേവ്ഗണിനും തമിഴ് നാട്ടിലെ ജേതാക്കളായ സംവിധായകന്‍ വസന്ത് സായ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, അഭിനേത്രി ലക്ഷ്മി പ്രിയ ചന്ദ്രമൗലി, സംവിധാകന്‍ മഡോണെ അശ്വിന്‍ പിന്നെ മറ്റ് സംസ്ഥാനങ്ങളിലെ എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

പിന്നെ സൂരറൈ പോട്രു ഞാന്‍ നിര്‍മ്മിക്കണമെന്നും അഭിനയിക്കണമെന്നും എന്നെ നിര്‍ബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേക നന്ദി.

എന്റെ പ്രയ്തനങ്ങളെ എന്നും പ്രോത്സാഹിപ്പിച്ച എന്റെ അച്ഛനും അമ്മയ്ക്കും കാര്‍ത്തിക്കും ബ്രിന്ദയ്ക്കും ബാക്കി എല്ലാവര്‍ക്കും സ്‌നേഹവും നന്ദിയും. ഞാന്‍ ഈ പുരസ്‌കാരം എന്റെ മക്കളായ ദിയക്കും ദേവിനും എന്റെ കുടുംബത്തിനും സമര്‍പ്പിക്കുന്നു.

ഈ സന്തോഷ നിമിഷം ഞാന്‍ ഇത്രയും കാലം എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സഹോദരി സഹോദരങ്ങള്‍ക്കൊപ്പം ഞാന്‍ പങ്കുവെക്കുന്നു. പിന്നെ എന്റെ എല്ലാ അന്‍പാന ഫാന്‍സിനും ഹൃദയം നിറഞ്ഞ നന്ദി.

ഈ ദേശീയ പുരസ്‌കാരം എനിക്ക് കൂടുതല്‍ കഠിനമായി പ്രയത്‌നിക്കാനും നിങ്ങള്‍ക്ക് ഇനിയും നല്ല സിനിമകള്‍ നല്‍കാനുമുള്ള പ്രചോദനമാണ്. ഇന്ത്യന്‍ സര്‍ക്കാരിനും ദേശീയ പുരസ്‌കാര ജൂറിക്കും എന്റെ പ്രയത്‌നത്തിന് ഉയര്‍ന്ന അംഗീകാരം നല്‍കിയതിന് നന്ദി.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.

നിങ്ങളുടെ സൂര്യ

Related Stories

No stories found.
logo
The Cue
www.thecue.in