കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിം​ഗ് താത്കാലികമായി നിർത്തിവെച്ചു

കാർത്തിക് സുബ്ബരാജ് സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്; ഷൂട്ടിം​ഗ് താത്കാലികമായി നിർത്തിവെച്ചു
Published on

സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരിക്ക്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും ​പരിക്ക് ഗുരുതരമല്ലെന്നുമാണ് ചിത്രത്തിൻ്റെ നിർമാതാവ് രാജശേഖരൻ പാണ്ഡ്യൻ എക്സിലൂടെ അറിയിച്ചിരിക്കുന്നത്. 'സൂര്യ 44' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ഊട്ടിയിലെ രണ്ടാമത്തെ ഷെഡ്യൂളിനിടെയാണ് സംഭവം. നടന് കുറച്ചു​ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

'സൂര്യ 44' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആന്‍ഡമാൻ നിക്കോബാർ ദ്വീപിൽ ഈയടുത്താണ് പൂർത്തിയായത്. സ്റ്റെെലിഷ് ലുക്കിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് ഇനി തിയറ്ററുകളിലേക്കെത്താനിരിക്കുന്ന സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. രജനി ചിത്രം 'അണ്ണാത്തെ'യ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിഷ പാട്നി നായികയായി എത്തുന്ന ചിത്രം നിർമിക്കുന്നത് യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണമെഴുതുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായാണ് കങ്കുവാ ഒരുങ്ങുന്നത്. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ പുരാതന തമിഴ് സംസ്‌കാരത്തില്‍ നിന്നുള്ള ഘടകങ്ങളും അതുപോലെ ഇന്ത്യയിലുടനീളമുള്ള മറ്റ് സംസ്‌കാരങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും തിരക്കഥയില്‍ ഇരുപത് ശതമാനം ചരിത്രപരമായ റെഫെറെന്‍സുകള്‍ ഉണ്ടെന്നും സംവിധായകന്‍ ശിവ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയോടെയാണ് സൂര്യ എത്തുന്നത്. ചിത്രത്തിന്റെ സൗത്ത് ഭാഷയിലേക്കുള്ള ഓ ടി ടി റൈറ്റ്സ് ആമസോണ്‍ പ്രൈം 80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ചിത്രം ഒക്ടോബർ 10-ന് തിയറ്ററുകളിലെത്തും. 2022-ൽ പുറത്തിറങ്ങിയ എതർക്കും തുനിന്തവൻ ആണ് സൂര്യയുടേതായി അവസാനമായി പുറത്തിറിങ്ങിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in