സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം, രശ്മിക 10 ലക്ഷം; വയനാടിന്റെ അതിജീവനത്തിന് സഹായവുമായി താരങ്ങൾ

സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം, രശ്മിക 10 ലക്ഷം; വയനാടിന്റെ അതിജീവനത്തിന് സഹായവുമായി താരങ്ങൾ
Published on

വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു സഹായഹസ്തവുമായി അന്യഭാഷ താരങ്ങൾ. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തിയത്. സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയത്. കഴിഞ്ഞ ദിവസം നടൻ വിക്രവും ഇരുപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരവധി താരങ്ങൾ കേരളത്തിന് സഹായവുമായി എത്തുന്നത്.

കേരളത്തിൽ നിന്ന് വരുന്ന വാർത്ത ഹൃദയഭേദകമാണ് എന്നാണ് വയനാട് ദുരന്തത്തെക്കുറിച്ച് സൂര്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്. രക്ഷാപ്രവർത്തനങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്ന സർക്കാർ ഏജൻസികളിലെ എല്ലാ അംഗങ്ങൾക്കും ഫീൽഡിലുള്ള ആളുകൾക്കും ആദരവ് അർപ്പിക്കുന്നു എന്നും പങ്കുവച്ച പോസ്റ്റിൽ സൂര്യ പറഞ്ഞു.

കേൾക്കുന്ന വാർത്തകൾ ഭീകരമാണ്. അത് എന്റെ ഹൃദയത്തെ തകർക്കുന്നുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക മന്ദാന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. 2018 ലെ പ്രളയകാലത്തും അന്യഭാഷാ താരങ്ങൾ കേരളത്തിന് സഹായവുമായി എത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ വാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ നടൻ വിജയ് സോഷ്യൽ മീഡിയയിലൂടെ വയനാടിന് അനുശോചനം അറിയിച്ചിരുന്നു. സംഭവത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർഥനകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണെന്നും ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും വിജയ് പറഞ്ഞിരുന്നു. നടന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോ​ഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ വയനാടിന് വേണ്ടി കെെകോർക്കാൻ അഭ്യർത്ഥിച്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ‌ എത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in