ഒരു സിനിമ നടൻ ആവുക എന്നത് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്ന കാര്യമായിരുന്നില്ലെന്ന് നടൻ സൂര്യ. അച്ഛനറിയാതെ അമ്മ വാങ്ങിയ 25000 രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് താൻ നടനായത് എന്നും ക്യാമറയ്ക്ക് മുന്നിൽ ഒരിക്കലും താൻ എത്തിപ്പെടുമെന്ന് നിനച്ചിരുന്നില്ലെന്നും സൂര്യ പറയുന്നു. തന്റെ പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പങ്കുവച്ചത്.
സൂര്യ പറഞ്ഞത്:
ഞാൻ ഒരു തുണിക്കടയിൽ വർക്ക് ചെയ്യുകയായിരുന്നു. ട്രെയിനി എന്ന നിലയിൽ, 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. ഞാനൊരു നടന്റെ മകനാണെന്നൊന്നും അവർക്ക് അറിയുമായിരുന്നില്ല. രണ്ടര വർഷത്തോളം ഞാൻ ആ കമ്പനിയിൽ പ്രവർത്തിച്ചു. 8000 രൂപയായിരുന്നു എന്റെ ശബളം. ഒരു ദിവസം എന്റെ അമ്മ എന്നോട് പറഞ്ഞു ഞാൻ അച്ഛനറിയാതെ ഒരു 25000 രൂപ കടം വാങ്ങിയിട്ടുണ്ടെന്ന്. ആ സമയം ഞങ്ങളുടെ ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിലോ ഒന്നര ലക്ഷത്തിലോ കവിഞ്ഞിട്ടില്ല. അച്ഛന് ശമ്പളത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നില്ല. ശമ്പളം വരുന്നതുവരെ കാത്തിരിക്കും. ആ സമയത്ത് അച്ഛൻ ആറുമാസമോ പത്തുമാസമോ തുടർച്ചയായി ജോലി ചെയ്തിരുന്നില്ല. 25000 രൂപ ആറു മാസത്തിനുള്ളിൽ തിരിച്ചടയ്ക്കാൻ എന്റെ അമ്മയ്ക്ക് സാധിക്കുമായിരുന്നില്ല. ആ സമയത്താണ് ഞാൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നുള്ള ബോധ്യം എനിക്കുണ്ടാവുന്നത്. എനിക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എനിക്ക് എക്സ്പീരിയൻസ് ആയി കഴിഞ്ഞാൽ ഒരു ബിസിനസ്സ് തുടങ്ങണമെന്നും അതിന് വേണ്ടി എന്റെ അച്ഛൻ എനിക്ക് ഒരു കോടി രൂപ മൂലധനമായി തരുമെന്നും ഒക്കെയായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ എല്ലാം മാറി മറിഞ്ഞു. മണിരത്നം സാർ നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി എനിക്ക് അവസരം വന്നു. ഒരു നടന്റെ മകനായതിനാൽ സിനിമയിൽ നിന്ന് എനിക്ക് പല ഓഫറുകളും വരുമായിരുന്നു. ഞാൻ ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഒരു അഭിനേതാവാകണമെന്ന് സ്വപ്നം കണ്ടിരുന്നുമില്ല. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പോകുന്നതിന്റെ അഞ്ച് ദിവസം മുൻപ് പോലും ഞാനൊരു നടനാകുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. അമ്മ വാങ്ങിയ 25000 രൂപ തിരിച്ചടയ്ക്കാൻ വേണ്ടി, അമ്മയോട് ' ലോൺ കഴിഞ്ഞു, വിഷമിക്കേണ്ടതില്ല” എന്ന് പറയാനുമാണ് ഞാൻ സിനിമയിൽ അഭിനയിച്ചത്. അങ്ങനെയാണ് ഞാൻ സൂര്യയായി മാറിയത്.