കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്തെ തിയറ്ററുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനമായിരിക്കുകയാണ്. നവംബര്‍ 25 മുതല്‍ തിയറ്റര്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ പുറത്തിറക്കി കഴിഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് സിനിമ റിലീസുകള്‍ ഒടിടിയിലേക്ക് മാറിയെങ്കിലും തിയറ്റര്‍ തുറന്നാല്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുമെന്നതില്‍ സംശയമില്ലെന്ന് ഷേണായ്‌സ് തിയറ്റര്‍ മാനേജിങ്ങ് പാര്‍ട്ണര്‍ സുരേഷ് ഷേണായി പറഞ്ഞു. ഒടിടിയില്‍ അല്ല തിയറ്ററിലെ കയ്യടി കിട്ടാതെ ആരും സൂപ്പര്‍സ്റ്റാര്‍ ആവില്ലെന്നും സുരേഷ് ദി ക്യുവിനോട് പ്രതികരിക്കവെ അഭിപ്രായപ്പെട്ടു.
മാസങ്ങള്‍ക്ക് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍
മാസങ്ങള്‍ക്ക് ശേഷം തിയറ്റര്‍ വീണ്ടും തുറക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ വലിയൊരു ഇടവേളക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ തിയറ്റര്‍ തുറന്നപ്പോള്‍ അന്നുണ്ടായിരുന്നിനേക്കാളും ആവേശം ഇപ്പോള്‍ തോന്നുന്നുണ്ട്. അന്ന് തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ലഭിച്ച പ്രതികരണം പ്രതീക്ഷച്ചതിലും അപ്പുറമായിരുന്നു. ആ രണ്ട് മൂന്ന് മാസം നല്ല രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നല്ല സിനിമകളും ഉണ്ടായിരുന്നു. എല്ലാ സിനിമകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് രണ്ടാം തരംഗം വന്ന് തിയറ്റര്‍ അടക്കേണ്ടി വന്നത്. ഇപ്പോള്‍ വീണ്ടും 6 മാസത്തിന്റെ ഇടവേളക്ക് ശേഷം തിയറ്റര്‍ തുറക്കാനുള്ള അവസരം വന്നിരിക്കുകയാണ്. അത്ര തന്നെ ആവേശം ഇപ്പോഴുമുണ്ട്. നല്ല സിനിമകള്‍ എല്ലാ ഭാഷകളില്‍ നിന്നും വരും. ഒപ്പം തന്നെ നല്ല പ്രതികരണം ലഭിക്കുമെന്നതിലും സംശയമില്ല.
കഴിഞ്ഞ തവണ തിയറ്റര്‍ തുറന്നപ്പോള്‍ ആളുകള്‍ വരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷെ പ്രേക്ഷകര്‍ വളരെ മുന്നില്‍ ചിന്തിക്കുന്നവരാണ്. അമ്പത് ശതമാനം പ്രവേശനാനുമതി വെച്ച് ഒരുപാട് ഹൗസ്ഫുള്‍ ഷോ ഉണ്ടായിരുന്നു. ആളുകളുടെ ആസ്വാദനത്തിന്റെ അളവ് പണ്ടത്തെക്കാള്‍ കൂടിയോ എന്ന സംശയമുണ്ട്. കാണികള്‍ ഒരു സീറ്റ് ഇടവിട്ടാണ് ഇരുന്നതെങ്കിലും അവരുടെ പ്രതികരണം ഗംഭീരമായിരുന്നു. ഇനി വരുന്ന കാലത്ത് അത് കൂടിവരും.
തിയറ്ററില്‍ അല്ലാതെ ഒടിടിയില്‍ ആരും സൂപ്പര്‍സ്റ്റാര്‍ ആവില്ല
ഒടിടി നേരത്തെ ഉണ്ടായിരുന്നു. പിന്നെ ഉണ്ടായിരുന്നത് സാറ്റ്‌ലൈറ്റായിരുന്നു. ടി വി സീരിയല്‍ വന്നതുകൊണ്ട് ഇനി തിയറ്ററിലേക്ക് ആളുകള്‍ വരില്ലെന്നും അടച്ചിടേണ്ടി വരുമെന്നും അന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊരിക്കലും സംഭവിക്കില്ല. കാരണം തിയറ്റര്‍ അനുഭവം എന്നത് വേറൊരു ലെവലാണ്. അത് എന്ത് ഒടിടിയാണെങ്കിലും ഹോം തിയറ്ററാണെങ്കിലും ലഭിക്കില്ല. കാരണം വീട്ടില്‍ അഞ്ച് പേര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണുന്നതിനെക്കാളും മികച്ച അനുഭവം തിയറ്ററില്‍ ഇരുന്ന് കാണുന്നത് തന്നെയാണ്. അത് ആര്‍ക്കും അല്ലെന്ന് പറയാനാവില്ല. ഇനിയും തിയറ്ററിലേക്ക് ആളുകള്‍ വരുമെന്നതില്‍ സംശയമില്ല. ഒടിടി തീര്‍ച്ചയായും പിന്നിലേക്ക് പോകും. പിന്നെ ആര്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ ആവണമെങ്കിലും തിയറ്റര്‍ തന്നെ വേണം. ഒരാളും ഒടിടിയില്‍ പോയി സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ല. ഇനി ആവുകയുമില്ല.
തൊഴിലാളികള്‍ പ്രതിസന്ധിയില്‍
ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ ശ്രദ്ധിക്കാതെ പോയത് സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യമാണ്. ഒരു മീഡിയയിലും ഒരു ഫോറത്തിലും അത് വലിയ വാര്‍ത്തയായില്ല. ഞങ്ങള്‍ തിയറ്റര്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് 50 ശതമാനം ശമ്പളം നല്‍കാനുള്ള തീരുമാനം എടുത്തിരുന്നു. ഒരുപാട് പേര്‍ അത് ചെയ്‌തെങ്കിലും ചിലര്‍ക്ക് അത് പാലിക്കാന്‍ സാധിച്ചില്ല. അതിന് കാരണം അവരുടെ മോശം അവസ്ഥ തന്നെയായിരുന്നു.
തിയറ്ററില്‍ പ്രവേശിക്കാന്‍ ഒരു ഡോസ് വാക്‌സിന്‍ നിര്‍ബന്ധം
തിയറ്ററില്‍ പ്രവേശനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ സാധിക്കുകയുള്ളു. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നിര്‍ബന്ധമാണ്. പിന്നെ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരെ മാത്രമെ തിയറ്ററില്‍ പ്രവേശിപ്പിക്കു. തിയറ്ററില്‍ സിനിമ കാണുന്ന സമയത്തും മാസ്‌ക്ക് ധരിക്കണം. എല്ലാവരും ഒന്നിടവിട്ട സീറ്റുകളിലാണ് ഇരിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ക്ക് ഒരേ സമയം ഇന്റര്‍വെല്‍ കൊടുക്കില്ല. അതിന് പുറമെ ഓരോ ഷോ കഴിഞ്ഞാലും തിയറ്റര്‍ സാനിറ്റൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.