എടപ്പാള്‍ ഓട്ടമാണോ?, ‘നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ’ എന്ന് സുരേഷ് ഗോപി
സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവല്‍ ജനുവരി 25ന് ചിത്രീകരണമാരംഭിച്ചിരുന്നു. കാവല്‍ ആരംഭിച്ചിരിക്കുന്നുവെന്ന കാപ്ഷനോടെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തപ്പോള്‍ സുരേഷ് ഗോപിയെ ട്രോളി 'എടപ്പാള്‍ ഓട്ടത്തെപ്പറ്റിയുള്ള കഥയാണോ സേട്ടാ എന്ന് ചോദ്യം. ശബരിമലയോട് അനുബന്ധിച്ചുള്ള ഹര്‍ത്താല്‍ ദിവസം ബിജെപി-ആര്‍എസ്എസ് ബൈക്ക് റാലി ബൈക്ക് ഉപേക്ഷിച്ചുള്ള ഓട്ടമായത് സോഷ്യല്‍ മീഡിയ 'എടപ്പാള്‍ ഓട്ട'മാക്കി മാറ്റിയിരുന്നു. രാഷ്ട്രീയം കലര്‍ത്തിയാണ് സുരേഷ് ഗോപിയുടെ പേജില്‍ നിന്നുള്ള മറുപടി. ''അല്ല...... വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ 'കാവല്‍' നില്‍ക്കുന്ന കഥയാ സേട്ടാ'' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വാദമാണ് വിദേശത്ത് നിന്നുള്ള നുഴഞ്ഞുകയറ്റത്തെ ചെറുക്കാനാണ് നിയമം എന്നത്.
കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കാവല്‍. ഷൈലോക്ക് നിര്‍മ്മിച്ച ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമ. സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായ ചിത്രവുമാണ് കാവല്‍. സുരേഷ് ഗോപിക്കൊപ്പം ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന സിനിമ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ എം വിജയന്‍,അലന്‍സിയര്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതം-രഞ്ജിന്‍ രാജ്, എഡിറ്റര്‍-മന്‍സൂര്‍ മുത്തൂട്ടി, കല-ദിലീപ് നാഥ്, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-നിസ്സാര്‍, സ്റ്റില്‍സ്-മോഹന്‍ സുരഭി, പരസ്യകല-ഓള്‍ഡ് മങ്ക്‌സ്.