കേരളത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ അല്ലാതെയും പീഡനം അനുഭവിക്കുന്ന സ്ത്രീ സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന സിനിമയായിരിക്കും കാവലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ദുബായിയില്‍ വെച്ച് കാവലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട നടന്ന വാര്‍ത്തസമ്മേളനത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
'കേരളത്തില്‍ ഒരു വിസ്മയ, ഉത്തര, പ്രിയങ്ക എന്നിങ്ങനെ ആയിരക്കണക്കിന് സ്ത്രീകളുണ്ടാവും. അങ്ങനെ കാവല്‍ ആവശ്യമായ ഒരു സ്ത്രീ പക്ഷമുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയായിരിക്കും സിനിമ. അതിനര്‍ത്ഥം തമ്പാന്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും കാവലൊരുക്കാന്‍ വരുമെന്നല്ല. മറിച്ച് ഒരു പ്രതീക്ഷ നല്‍കാന്‍ കഴിയും. തീര്‍ച്ചയായും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ചിത്രമായിരിക്കുമിത്.' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
കാവല്‍ തന്റെ പഴയകാല സിനിമകളെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള ഫാമലി എന്റര്‍ട്ടെയിനറായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ആക്ഷന്‍ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്ത് സൂക്ഷിക്കുന്ന ചിത്രമായിരിക്കും കാവലെന്ന് സംവിധായകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
അതേസമയം നവംബര്‍ 25നാണ് കാവല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 220 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് 'കാവല്‍'.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.