വഞ്ചന കേസ്; സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വഞ്ചന കേസ്; സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Published on

വഞ്ചനക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടിസ് നൽകിയതിന് ശേഷമായിരിക്കണം അറസ്റ്റ് ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലാണ് ക്രൈം ബ്രാഞ്ച് സണ്ണി ലിയോണിനെതിരെ കേസെടുത്തത് .

അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും താരം പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ ആയ പെരുമ്പാവൂർ സ്വദേശി ഷിയാസ് സണ്ണി ലിയോണിനെതിരെ പരാതി കൊടുത്തിരുന്നു. തുടർന്ന് കേരളത്തിൽ അവധി ആഘോഷത്തിനെത്തിയ നടി സണ്ണി ലിയോണിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അഞ്ച് തവണ പരിപാടി മാറ്റിവെച്ചുവെന്നും, സംഘാടകരുടേ വീഴ്ച കൊണ്ടാണ് പരിപാടിയിൽ നിന്നും വിട്ടു നിന്നതെന്നും സണ്ണി ലിയോണ്‍ പൊലീസിന് മൊഴി നല്‍കി. പരിപാടി സംഘടിപ്പിക്കുകയാണെങ്കില്‍ പങ്കെടുക്കുവാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.

ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in