'അവാര്‍ഡ് കിട്ടിയില്ലെന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല'; കുറുപ്പ് മാത്രമല്ല ജൂറിയുടെ മുന്‍പില്‍ വന്നതെന്ന് സുന്ദര്‍ ദാസ്

'അവാര്‍ഡ് കിട്ടിയില്ലെന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല'; കുറുപ്പ് മാത്രമല്ല ജൂറിയുടെ മുന്‍പില്‍ വന്നതെന്ന് സുന്ദര്‍ ദാസ്
Published on

കുറുപ്പ് സിനിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിച്ചില്ലെന്ന നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. പുരസ്‌കാരത്തിനായി സിനിമ അയക്കുമ്പോള്‍ ആ കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചാണ് സിനിമയുടെ സൃഷ്ടാക്കള്‍ അയക്കുന്നത്. എല്ലാവര്‍ക്കും അവരുടെ സിനിമകള്‍ വലുതാണ്. അതിന് അവാര്‍ഡ് കിട്ടിയില്ലെന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. ജൂറിയുടെ മുന്നില്‍ കുറുപ്പ് എന്ന സിനിമ മാത്രമല്ല വന്നതെന്നാണ് സുന്ദര്‍ ദാസ് പറഞ്ഞത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു പ്രതികരണം.

ഇത്തവണ 142 സിനിമകളാണ് ജൂറിയുടെ മുന്നില്‍ വന്നത്. അതില്‍ ഒന്നുരണ്ട് സിനിമകള്‍ മാത്രം ജൂറി കണ്ടില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഉറപ്പായും കുറുപ്പ് ജൂറി കണ്ടിട്ടുണ്ട്. അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഇത്രയും സിനിമ കണ്ടു എന്നൊക്കെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. 27നു സ്‌ക്രീനിങ് തുടങ്ങി പതിമൂന്നാം തീയതി വരെ സ്‌ക്രീന്‍ ചെയ്ത് രണ്ടു സബ് കമ്മറ്റികളാണ് സിനിമ കണ്ടത് ഒരു ദിവസം നാലും അഞ്ചും സിനിമകളാണ് കാണുന്നത്. അതില്‍ കൂടുതല്‍ സിനിമ ഒരാള്‍ക്ക് കാണാന്‍ കഴിയില്ല. ഏതൊക്കെ സിനിമ കണ്ടു, സിനിമകള്‍ക്ക് എത്ര ദൈര്‍ഘ്യം ഉണ്ടായിരുന്നു എന്നുള്ളതിന്റെയെല്ലാം തെളിവ് ഉള്ളതാണ്, അന്വേഷിച്ചാല്‍ അതിന്റെ ഡാറ്റ കിട്ടും. ഈ സിനിമകള്‍ എല്ലാം സബ് കമ്മിറ്റി കണ്ട് അതില്‍ നിന്നും സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഫൈനല്‍ ജൂറിയിലേയ്ക്ക് അയയ്ക്കുന്നത്. അതിനു ശേഷാണ് ഫൈനല്‍ ജൂറി കണ്ട് മികച്ചവ തെരഞ്ഞെടുക്കുന്നതെന്നും സുന്ദര്‍ ദാസ് പറയുന്നു.

അതോടൊപ്പം ഭാസി പിള്ള കള്ള് കുടുക്കുകയും ബീഡി വലിക്കുകയും ചെയ്തതു കൊണ്ടാണ് പുരസ്‌കാരം ലഭിക്കാത്തതെന്ന ഷൈനിന്റെ പരമാര്‍ശത്തിനും സുന്ദര്‍ ദാസ് മറുപടി പറഞ്ഞു. 'സ്വഭാവ ദൂഷ്യം ഉള്ള കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാണ് ഒരാളെ അവാര്‍ഡിന് പരിഗണിക്കാത്തത് എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണ്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കരുത് എന്നൊരു മാനദണ്ഡം ഇതുവരെ അവാര്‍ഡ് പരിഗണിക്കുമ്പോള്‍ ഉണ്ടായിട്ടില്ല. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ നിരവധി താരങ്ങളുടെ സിനിമകള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കിടെ അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരമൊരു ആരോപണം ആരും നടത്തിയിട്ടില്ല. അങ്ങനെയല്ല ഇതിനെ കാണേണ്ടതെന്നാണ്' സുന്ദര്‍ ദാസ് പറഞ്ഞത്.

ആര്‍ക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തപ്പോള്‍ ജോജു ജോര്‍ജിന്റെ പ്രകടനം കാണാതിരിക്കാനാകില്ല എന്ന് കമ്മിറ്റിക്ക് തോന്നായതുകൊണ്ടാണ് ഇത്തവണ അവാര്‍ഡ് രണ്ടുപേര്‍ക്കായി പകുത്തു കൊടുത്തത്. രണ്ടുപേരുടെയും അഭിനയം ഒന്നിനൊന്ന് മികച്ചതായിരുന്നതുകൊണ്ടാണ് ഫൈനല്‍ ജൂറി അങ്ങനെ തീരുമാനിച്ചത്. സുരേഷ് ഗോപിക്ക് കളിയാട്ടത്തിന് നാഷ്‌നല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അതെ സമയം തന്നെ സമാന്തരങ്ങള്‍ എന്ന സിനിമക്ക് ബാലചന്ദ്രമേനോനും അവാര്‍ഡ് കിട്ടിയിരുന്നു. കള്ളുകുടിക്കുന്ന ബീഡി വലിക്കുന്ന കഥാപാത്രത്തിന് അവാര്‍ഡ് കൊടുക്കില്ല എന്നൊരു തീരുമാനം ഒരു കമ്മിറ്റിയും ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല. ജൂറിയെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണമെന്നും സുന്ദര്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in