അർപ്പണബോധമുള്ള നടിയാണ് വിദ്യ ബാലൻ എന്ന് സംവിധായകൻ സുജോയ് ഘോഷ്. സുജോയ് ഘോഷിന്റെ സംവിധാനത്തിൽ 2012 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'കഹാനി'. ചിത്രത്തിൽ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന കേന്ദ്രകഥാപാത്രത്തെയാണ് വിദ്യ ബാലൻ അവതരിപ്പിച്ചത്. കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷനായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിന്റെ സെറ്റിൽ വാനിറ്റി വാൻ സൗകര്യങ്ങളുണ്ടായിരുന്നില്ല എന്നും നടുറോഡിൽ ഇന്നോവ കാറിൽ കറുത്ത തുണികൊണ്ട് മറച്ചാണ് വിദ്യ വസ്ത്രം മാറിയത് എന്നും സുജോയ് ഘോഷ് പറയുന്നു. തന്റെ ജോലിയോട് വളരെ അർപ്പണ ബോധം പുലർത്തുന്ന നടിയാണ് വിദ്യയെന്നും ഒരു സിനിമ ചെയ്യാം എന്ന് വാക്ക് പറഞ്ഞാൽ അവർ അത് പാലിച്ചിരിക്കും എന്നും മാഷബിള്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുജോയ് ഘോഷ് പറഞ്ഞു.
സുജോയ് ഘോഷ് പറഞ്ഞത്:
വിദ്യയ്ക്ക് എളുപ്പത്തിൽ എന്നോട് നോ എന്ന് പറയാൻ കഴിയുമായിരുന്നു. ഒരു തവണ വാക്ക് പറഞ്ഞാൽ അത് വാക്കിയിരിക്കും അവർക്ക്. ഒരു തവണ ഒരു സിനിമയ്ക്ക് യെസ് പറഞ്ഞാൽ എന്ത് സംഭവിച്ചാലും അവർ അത് ചെയ്യും. അവർ കഹാനിയുടെ കഥയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഞാൻ എങ്ങനെയാണ് കഹാനി ഷൂട്ട് ചെയ്തതെന്ന് നിങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് വാനിറ്റി വാൻ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഷൂട്ടിംഗ് നിർത്തി വയ്ക്കാൻ വേണ്ടി മാത്രമുള്ള ആഢംബരങ്ങളൊന്നും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. വളരെ കുറച്ച് പണം മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. വിദ്യയ്ക്ക് വസ്ത്രം മാറേണ്ടി വരുമ്പോൾ നടു റോഡിൽ ഇന്നോവോയിൽ കറുത്ത തുണികൊണ്ട് മൂടിയാണ് വിദ്യ വസ്ത്രം മാറിക്കൊണ്ടിരുന്നത്. അർപ്പണബോധമുള്ള നടിയാണ് അവർ.
ചെറിയ ബഡ്ജറ്റിൽ എത്തിയിട്ടും ആഗോള ബോക്സ് ഓഫീസിൽ 79.20 കോടി രൂപ നേടിയ ചിത്രമാണ് കഹാനി. ചിത്രത്തിന്റെ തിരക്കഥ ഛായാഗ്രഹണം, അഭിനേതാക്കളുടെ ശക്തമായ പ്രകടനം തുടങ്ങി എല്ലാ മേഖലയിലും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. പരംബ്രത ചാറ്റർജി, നവാസുദ്ദീൻ സിദ്ദീഖി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.