മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വം ഏറ്റവും കുറവ് മലയാള സിനിമയിൽ: സുഹാസിനി

മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതത്വം ഏറ്റവും കുറവ് മലയാള സിനിമയിൽ: സുഹാസിനി
Published on

മറ്റു സിനിമാ മേഖലകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മലയാള സിനിമയിൽ സുരക്ഷിതത്വം കുറവാണ് എന്ന് നടി സുഹാസിനി. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാ​ഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തിൽ സംസാരിക്കവേയാണ് സുഹാസിനി ഇത് പറഞ്ഞത്. സ്ത്രീ സുരക്ഷ സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് എന്നു പറഞ്ഞ നടി ഭൂമി പട്നേക്കറിനോട് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖലയെന്ന് സുഹാസിനി പറഞ്ഞു. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാൽ സിനിമയിൽ അങ്ങനെയല്ല. വലിയൊരു കൂട്ടം ആളുകൾ ഒന്നിച്ച് താമസിച്ച് ജോലി ചെയ്യുന്ന സ്ഥലത്ത് പലപ്പോഴും അതിരുകൾ ഭേദിച്ച് ആളുകൾ പെരുമാറിയേക്കാം എന്നും മലയാള സിനിമയിലാണ് ഇത് കൂടുതലായി കാണുന്നതെന്നും സുഹാസിനി പറഞ്ഞു. നടിമാരായ ഖുശ്ബു, ഭൂമി പട്നേക്കർ, സംവിധായകൻ ഇംതിയാസ് അലി തുടങ്ങിയവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.

സുഹാസിനി പറഞ്ഞത്:

എനിക്ക് തോന്നുന്നത് സിനിമ മേഖല മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമാണ് എന്നാണ്. മറ്റ് തൊഴിൽ മേഖലകളിൽ നിങ്ങൾക്ക് രാവിലെ ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കും. എന്നാൽ സിനിമ മേഖലയിൽ സംഭവിക്കുന്നത് എന്താണെന്നാൽ 200 ഓളം വരുന്ന ആളുകൾ പുതിയൊരു സ്ഥലത്തേക്ക് മാറുകയും അവർ അവിടെ കുടുംബം പോലെ ജീവിക്കുകയും ചെയ്യുകയാണ്. ചില സമയത്ത് അവിടെ അറിഞ്ഞോ അറിയാതെയോ അതിരുകൾ ഭേദിക്കപ്പെട്ടേക്കാം. നമ്മളെല്ലാവരും സിനിമ നിർമ്മിക്കുന്നവരും കാണുന്നവരുമാണ്. ആരാണ് ഈ 200 പേർ? അതിൽ ചില ആളുകൾ നമ്മൾ വീട്ടിൽ നിന്നും അകന്നിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കി നമ്മളെ മുതലെടുക്കാൻ ശ്രമിച്ചേക്കാം. ഇൻഡസ്ട്രിയെക്കുറിച്ച് അറിയാത്ത, അനുഭവങ്ങളില്ലാത്ത, ഇൻസ്ട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാത്ത പുതിയ ആളുകളെ ഇത്തരത്തിലുള്ളവർ മുതലെടുക്കാൻ ശ്രമിച്ചേക്കാം. ഞാൻ എന്റെ ഭർത്താവിനോട് ഇന്ന് രാവിലെ ചോദിച്ചിരുന്നു ഇത്തരത്തിൽ പെരുമാറുന്നവരെ താങ്കൾ എന്താണ് ചെയ്യുന്നതെന്ന്. അദ്ദേഹം അദ്ദേഹത്തിന്റെ സെറ്റിൽ തന്നെ അങ്ങനെ പെരുമാറിയ ഒരാളുടെ പേര് പറഞ്ഞു തന്നതിന് ശേഷം അയാളെ സെറ്റിൽ നിന്ന് തന്നെ പുറത്താക്കി എന്നാണ് എന്നോട് മറുപടി പറഞ്ഞത്. ആ സെറ്റിലുള്ള ഭൂരിഭാ​ഗം പേരെയും പറഞ്ഞാക്കണമെന്നും അദ്ദേഹം പറഞ്ഞു. 200 ഓളം ആളുകൾ പ്രത്യേക നിയമങ്ങളൊന്നുമില്ലാതെ ഒരു പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ അവർ പരിധി വിട്ട് പെരുമാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അവിടെയാണ് പ്രശ്നം. മലയാളം ഇൻഡസ്ട്രിയിലും ഇതേ കാര്യമുണ്ട്. തമിഴ് സിനിമയാണെങ്കിൽ ഷൂട്ട് കഴിഞ്ഞ് നമ്മുക്ക് ചെന്നൈയിലേക്ക് പോകാം, തെലുങ്കിലാണെങ്കിൽ ഹൈദരാബാദിലേക്കും കന്നഡയിലാണെങ്കിൽ ബെം​ഗളൂരുവിലേക്കും ഹിന്ദിയിൽ ആണെങ്കിൽ മുംബൈയിലേക്കും ഷൂട്ട് കഴിഞ്ഞാൽ പോകാം. എന്നാൽ മലയാള സിനിമയ്ക്ക് അങ്ങനെയല്ല. അവർക്ക് അങ്ങനെ പ്രത്യേകമായി പോകാൻ ഒരു സ്ഥലമില്ല. അത് ചിലപ്പോൾ തിരുവനന്തപുരമാകാം, കോഴിക്കോട് ആകാം, കൊച്ചിയാകാം. അതുകൊണ്ട് തന്നെ അവിടെ അതിരുകൾ ഭേ​ദിക്കപ്പെട്ടേക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in