സംസ്ഥാന ചലച്ചിത്ര അവാർഡ്: ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര ജൂറി അധ്യക്ഷന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ്: ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര ജൂറി അധ്യക്ഷന്‍
Published on

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയ ജൂറിയെ തെരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക വിധിനിര്‍ണയസമിതി ചെയര്‍മാന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാന്‍ എന്‍എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

ആരാണ് സുധീര്‍ മിശ്ര?:

1987- ൽ യേ വോഹ് മൻസിൽതോ നഹി എന്ന ചിത്രത്തിലൂടെ മികച്ച നവാഗതനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി സംവിധായകനാണ് സുധീര്‍ മിശ്ര. അദ്ദേഹത്തിന്റെ ദേശിയ പുരസ്കര വിജയ ചിത്രങ്ങളായ ധാരാവി, അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ഹസാരോൺ ഖ്വയ്‌ഷെയിൻ ഐസി തുടങ്ങിയ ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. 2010- ൽ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, ഡോ. മാളവിക ബിന്നി, സൗണ്ട് റെക്കോർഡിസ്റ്റ് ആയ സിആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ഡോ. ജാനകി ശ്രീധരൻ സിനിമയുമായി ബന്ധപ്പെട്ട രചനകൾക്കുള്ള അവാർഡ് ജൂറി അധ്യക്ഷയാകും. ചലച്ചിത്ര നിരൂപകൻ ജോസ് കെ മാനുവൽ, എഴുത്തുകാരൻ ഒ കെ സന്തോഷ് എന്നിവർ അംഗങ്ങളായിരിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എല്ലാ പാനലുകളിലും മെമ്പർ സെക്രട്ടറിയായിരിക്കും. ആകെ 160 ചിത്രങ്ങളാണ് കേരള ചലച്ചിത്ര അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുന്നത്. ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

ബംഗാളി ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, നടനുമായ ഗൗതം ഘോഷ് ആയിരുന്നു കഴിഞ്ഞ വർഷത്തെ ജൂറി അധ്യക്ഷന്‍. നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് കഴിഞ്ഞ തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 'നന്‍പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. 'അറിയിപ്പ്' എന്ന് ചിത്രത്തിലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in