കെ.ജി.എഫ് എന്ന ഒരു സിനിമയിലൂടെ രാജ്യത്താകമാനം ശ്രദ്ധ പിടിച്ചു പറ്റിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോള്‍ അവര്‍ തങ്ങളുടെ ബാനറിന് കീഴില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. സൂററൈ പോട്ര്, ഇറുതി സുട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായക സുധാ കൊങ്കരയാണ് ചിത്രം ഒരുക്കുന്നത്.
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും ചിത്രം അണിയിച്ചൊരുക്കുക എന്നതാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന. മുന്‍ ചിത്രങ്ങള്‍ പോലെ പുതിയ പ്രോജക്റ്റും രാജ്യമാകെ ശ്രദ്ധ നേടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പ്രഖ്യാപനത്തിനൊപ്പമുള്ള കുറിപ്പില്‍ ഹോംബാലെ ഫിലിംസ് പറയുന്നു.
പുനീത് രാജ്‍കുമാര്‍ നായകനായ 2014 ചിത്രം നിന്നിണ്ടലേ നിര്‍മ്മിച്ചുകൊണ്ട് രംഗത്തെത്തിയ ബാനര്‍ ആണ് ഹൊബാളെ ഫിലിംസ്. അവരുടെ നാലാമത്തെ ചിത്രമായിരുന്നു 2018ല്‍ പുറത്തെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1. കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ബാനറിന് ഇന്ത്യ മുഴുവനും ശ്രദ്ധ ലഭിക്കാന്‍ കെജിഎഫ് ഫ്രാഞ്ചൈസി കാരണമായി.
രേവതി സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രം മിത്ര്, മൈ ഫ്രണ്ട് എന്ന സിനിമയുടെ സഹ രചയിതാവായാണ് സുധ കൊങ്കര സിനിമയിലേക്ക് കടന്നുവരുന്നത്. 2008ല്‍ തെലുങ്കില്‍ ഒരുക്കിയ ആന്ധ്ര അണ്ടഗഡുവാണ് സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ഇതുള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ ഇതുവരെ സംവിധാനം ചെയ്‍തു. സൂര്യയുടെ സൂററൈ പോട്ര്, മാധവന്‍റെ ഇരുതി സുട്ര് എന്നീ സിനിമകളും പുത്തന്‍പുതു കാലൈ, പാവ കഥൈകള്‍ തുടങ്ങിയ ആന്തോളജികളില്‍ ഓരോ ചിത്രവും വീതം സുധ സംവിധാനം ചെയ്തിട്ടുണ്ട്.