ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം അന്ധാദുന്‍ റിലീസ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തെ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസകളാണ് ലഭിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ അന്ധാദുന്നിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ശ്രീറാം രാഘവന്‍.
മാധ്യമപ്രവര്‍ത്തകന്‍ സുഭാഷ് കെ ഝായുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീറാം ഇതേ കുറിച്ച് സംസാരിച്ചത്. 'നിലവില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തകള്‍ ഒന്നുമില്ല. ചില കാര്യങ്ങള്‍ അപൂര്‍ണ്ണമായി ഇരിക്കുന്നത് തന്നെയാണ് നല്ലത്.' എന്നാണ് ശ്രീറാം പറഞ്ഞത്.
അന്ധാദുന്‍ എന്ന സിനിമ എങ്ങിനെയാണ് തുടക്കം കുറിച്ചതെന്നും ശ്രീറാം അഭിമുഖത്തില്‍ പറഞ്ഞു. 'le accordeur' എന്ന ഫ്രെഞ്ച് ഷോട്ട് ഫിലിമില്‍ നിന്നാണ് അന്ധാദുന്നിന്റെ തുടക്കം. ശ്രീറാമും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകാനായ ഹേമന്ത് റാവുവും ചേര്‍ന്നാണ് അന്ധാദുന്നിന്റെ കഥ വികസിപ്പിച്ചെടുത്തത്.
'അന്ധാദുന്നിന്റെ തുടക്കം ഒരു മനോഹരമായ 11 മിനിറ്റ് ഫ്രഞ്ച് ഷോട്ട് ഫിലിമില്‍ നിന്നാണ്. 'le accordeur' എന്നാണ് ഷോട്ട് ഫിലിമിന്റെ പേര്. ബംഗ്ലൂരിലെ എന്റെ സഹപ്രവര്‍ത്തകനായ ഹേമന്ത് റാവുവാണ് എനിക്ക് ഈ ഷോട്ട് ഫിലിം അയച്ച് തരുന്നത്. ഒരു രാത്രി ഞാന്‍ ഷോട്ട് ഫിലിം കാണുകയും ആ സന്ദര്‍ഭം വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നെ ആ സന്ദര്‍ഭത്തില്‍ മറ്റെന്തൊക്കെ സംഭവിക്കാമെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ ഞാന്‍ ഹേമന്തിനോട് ആ കഥ വികസിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ഞങ്ങള്‍ അതിന്റെ ചര്‍ച്ചകള്‍ നടത്തുകയുമാണ് ഉണ്ടായത്.' - ശ്രീറാം രാഘവന്‍