നമ്മൾ ആസ്വദിക്കേണ്ടതും കയ്യടിക്കേണ്ടതും വെടക്ക് തമാശകൾക്കാവരുതെന്ന് നടി സ്രിന്ദ. സിനിമയ്ക്ക് വളരെ വലിയ സ്വാധീനമാണുള്ളത്. അതുകൊണ്ട് തന്നെ ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്ന കാര്യങ്ങളും തെറ്റാകരുത്. ഫ്രീഡം ഫൈറ്റിലെ കഥാപത്രമായ അശ്വതി തന്നെ വെടക്ക് തമാശ പറയുന്നതിന് എന്തെങ്കിലും നിയമമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. തമാശ പറയുമ്പോഴും വെടക്ക് തമാശയല്ല പ്രയോഗിക്കേണ്ടതെന്നും പ്രേക്ഷകർ മോശം തമാശകൾക്കല്ല ചിരിക്കേണ്ടതെന്നും സ്രിന്ദ 'ദ ക്യൂ' അഭിമുഖത്തിൽ പറഞ്ഞു.
ഫ്രീഡം ഫൈറ്റ് ആന്തോളജിയിലെ രജീഷ വിജയൻ അവതരിപ്പിച്ച ഗീതു എന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗ് സോഷ്യൽ മീഡിയകളിൽ ഒരുപാട് ഷെയർ ചെയ്യപെടുന്നുണ്ട്. അത് ഒരുപാട് ആളുകളിലേക്ക് എത്തിയിട്ടുണ്ട്. അതിലെ തെറ്റുകൾ അവർ മനസിലാക്കി വീണ്ടും അത് ഷെയർ ചെയ്യുന്നത് വലിയൊരു കാര്യത്തിലേക്കുള്ള ആദ്യ പടിയാണെന്നും സ്രിന്ദ പറഞ്ഞു.
മലയാളം ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലെ രജീഷ വിജയൻ അവതരിപ്പിച്ച കഥാപാത്രമായ ഗീതുവും, സ്രിന്ദയുടെ അശ്വതി എന്ന കഥാപാത്രവും ഒട്ടേറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ പറയുന്ന ആന്തോളജി ചിത്രത്തിൽ രഞ്ജിത് ശേഖർ നായർ, ജോജു ജോർജ്, രോഹിണി, ജിയോ ബേബി, കബനി, ഉണ്ണി ലാൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.