അംബേദ്കറിന്റെ 'ജാതി ഉന്മൂലനം' സുരേഷ് ​ഗോപിക്ക് സമ്മാനിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്സ് യൂണിയൻ

അംബേദ്കറിന്റെ 'ജാതി ഉന്മൂലനം' സുരേഷ് ​ഗോപിക്ക് സമ്മാനിച്ച് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്സ് യൂണിയൻ
Published on

ഡോ.ബി.ആർ അംബേദ്കറിന്റെ ജാതി ഉന്മൂലനത്തെക്കുറിച്ചുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് കൈമാറി സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ്സ് യൂണിയൻ. അംബേദ്കർ സ്റ്റാച്ച്യുവിന്റെ ഉദ്ഘാടന സമയത്ത് SRFTI സ്റ്റുഡന്റ് യൂണിയൻ പബ്ലിഷ് ചെയ്ത പുസ്തകമാണ് കഴിഞ്ഞ ദിവസം ക്യാമ്പസ് സന്ദർശനത്തിനെത്തിയ സുരേഷ് ​ഗോപിക്ക് വിദ്യാർത്ഥികൾ കൈമാറിയത്. സുരേഷ് ​ഗോപി മുമ്പ് ജാതിയെക്കുറിച്ച് എന്തു പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഇത്തരം ഒരു പുസ്തകം അദ്ദേഹത്തിന് കൈമാറിയതെന്ന് സ്റ്റുഡന്റ് യൂണിയൻ‌ പറയുന്നു. ഏതൊരു പൗരനും അംബേദ്കറിനെക്കുറിച്ചും രാജ്യത്തിന്റെ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്കതം അദ്ദേഹത്തിന് നൽകിയതെന്നും സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സുബ്ബരാമൻ ദ ക്യുവിനോട് പറഞ്ഞു. അവിശ്വാസികളെ ഉന്മൂലനം ചെയ്യാൻ താൻ പ്രാർത്ഥിക്കുമെന്നും. അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും മുമ്പൊരു പൊതുയോ​ഗത്തിൽ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. സുരേഷ് ​ഗോപിക്ക് ഈ പുസ്തകം സമ്മാനിച്ചത് വിപ്ലവത്തിന്റെ ഒരു ഭാ​ഗമായി തന്നെയാണെന്നും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാൻ ഇത്തരം വായനകൾ സഹായിക്കുമെന്നും സുബ്ബരാമൻ ക്യുവിനോട് പറഞ്ഞു.

SRFTI സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് സുബ്ബരാമൻ പറഞ്ഞത്:

അംബേദ്കർ സ്റ്റാച്ച്യുവിന്റെ ഉദ്ഘാടന സമയത്ത് SRFTI സ്റ്റുഡന്റ് യൂണിയൻ പബ്ലിഷ് ചെയ്ത ബുക്കാണ് ഇത്. അതാണ് ഈ പുസ്തകം അദ്ദേഹത്തിന് ഞങ്ങൾ നൽകിയത്. സുരേഷ് ​ഗോപി മുമ്പ് എന്ത് പറഞ്ഞിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഞങ്ങൾ ഇത് ചെയ്തത്. ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും അതൊരു നേതാവോ പൗരനോ ആയിക്കോട്ടെ അംബേദ്കറിനെക്കുറിച്ചും നമ്മുടെ ജനാധിപത്യ- ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഞങ്ങളുടെ സ്റ്റുഡൻസ് യൂണിയന്റെ പബ്ലിക്കേഷൻസ് തന്നെ പുറത്തിറക്കിയ പുസ്തകം ആയതുകൊണ്ടാണ് അദ്ദേഹം ഞങ്ങളുടെ ക്യാമ്പസ് സന്ദർശിച്ചപ്പോൾ അത് അദ്ദേഹത്തിന് സമ്മാനിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

വിപ്ലവത്തിന്റെ ഒരു ഭാ​ഗമായി തന്നെ ഞങ്ങൾ ചെയ്തൊരു കാര്യമാണ് അത്. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾക്ക് പൂക്കളോ മധുരമോ നൽകാമായിരുന്നു. പക്ഷേ ‍ഞങ്ങൾ അദ്ദേഹത്തിന് നൽകാൻ തെരഞ്ഞെടുത്തത് അംബേദ്കറിനെക്കുറിച്ചുള്ള ഈ പുസ്തകമാണ്. ഞങ്ങൾ അംബേദ്കറിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. എല്ലാവരും അംബേദ്കറിനെക്കുറിച്ച് വായിച്ചിരിക്കണമെന്നും ഞങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ച് അവർക്ക് തെറ്റായ ധാരണകളുണ്ടെങ്കിൽ അത് മാറ്റാൻ ഈ വായന സഹായിക്കും എന്ന് ഞങ്ങൾ വിശ്വിസിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in