സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം 'പഞ്ചവത്സര പദ്ധതി'യെ അഭിനന്ദിച്ച് ശ്രീനിവാസൻ. സിനിമ തനിക്കിഷ്ടപ്പെട്ടെന്നും സാമൂഹിക പ്രസക്തിയുള്ള ഈ സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും ചിത്രം കണ്ടതിന് ശേഷം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ സംവിധായകനായ പി.ജി.പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസൻ. ശ്രീനിവാസനെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡർ എന്നീ സിനിമകൾ പ്രേംലാൽ മുമ്പ് സംവിധാനം ചെയ്തിരുന്നു. അവനവന്റെ ഹൃദയത്തിലേക്ക് ഒരു ടോർച്ചടിക്കുക എന്ന് പറയുന്ന തരത്തിലുള്ള ഒരു സ്വാധീനമാണ് പഞ്ചവത്സര പദ്ധതി എന്ന ചിത്രമുണ്ടാക്കുകയെന്ന് മുമ്പ് സംവിധാനകൻ പ്രേംലാൽ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രേംലാൽ പറഞ്ഞത്:
കലമ്പാസുരൻ മിത്താണോ അല്ലയോ എന്നതിന് അപ്പുറത്തേക്ക് നമ്മൾ എല്ലാവരും ഈ രക്ഷകൻ എന്ന ആശയത്തിനോട് വളരെ പൊരുത്തപ്പെട്ട് നിൽക്കുന്നവരാണ്. അത് ചിലപ്പോൾ ഏതെങ്കിലും പ്രത്യേക സ്ഥലത്തെ രക്ഷകൻ എന്ന ആശയത്തിൽ ആയിരിക്കാം. ചിലത് രാജ്യത്തിന്റെയോ ലോകത്തിന്റെയോ രക്ഷകൻ എന്ന നിലയ്ക്കാവാം. നമ്മൾ കലാമ്പാസുരനെക്കുറിച്ച് പറയുന്നത് സർവ്വരാജ്യ രക്ഷകൻ, സൗരയുഥ പാലകൻ എന്നാണ്. ഏതൊരു മനുഷ്യന്റെയും ചുറ്റുവട്ടത്തുള്ള ഹീറോ എന്ന് പറയുന്നത് ലോകത്തിന്റെ തന്നെ ഹീറോ ആയിമാറുകയാണ്. ഈ ആൾദെെവങ്ങളുടെ ഒക്കെ കാര്യം പറയുന്നത് പോലെ. ഇതിലെ തമാശ എന്താണെന്ന് വച്ചാൽ ഒരു ആൾ ദെെവത്തിന്റെ ആരാധകന് മറ്റൊരു ആൾദെെവത്തിനെ ഇഷ്ടമായിരിക്കില്ല എന്നതാണ്. ഇയാൾ സത്യമല്ല എന്ന് പറഞ്ഞുകളയും.അടുത്തയാൾ നേരെ തിരിച്ചും. സ്വന്തം ഹീറോയെ ഒഴികെ ബാക്കി ആരെയും സമ്മതിച്ചു കൊടുക്കാത്ത ലോകവും മനുഷ്യരും ഒക്കെ ഇവിടെയുണ്ട്. ഹിപ്പോക്രസിയുടെ അങ്ങേയറ്റമാണ് അത്. ഈ ഹിപ്പോക്രസിയുടെ പല എലമെന്റുകളും ഈ പടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മൾ പറയില്ലേ അവനവനിലേക്ക് ടോർച്ചടിക്കുക എന്ന്. ആ പരിപാടി ഈ സിനിമയിലുണ്ട്. ചുറ്റുമുള്ള ആളുകളിലേക്കല്ല അവനവന്റെ ഹൃദയത്തിലേക്ക് അടിച്ചു കൊടുക്കുന്ന ഒരു ടോർച്ചിന്റെ ഇംപാക്ട് ഈ സിനിമയുണ്ടാക്കുന്നുണ്ട്. അഞ്ഞൂറ് രൂപ കെെക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടുന്ന ന്യൂസ് ഒക്കെ നമ്മൾ കാണാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഴിമതി അതാണോ എന്നൊരു ചോദ്യമുണ്ട്. നമ്മൾ കൂടി അറിഞ്ഞുകൊണ്ടല്ലാതെ പങ്കാളിയാവുന്ന അഴിമതി ഇവിടെ നടക്കുന്നുണ്ട്. അതിനെക്കുറിച്ച് നമ്മൾ അറിയില്ല സംസാരിക്കില്ല. അത് അഴിമതിയാണെന്ന് നമുക്ക് തോന്നുന്നത് പോലുമില്ല. ഇതെല്ലാം ഈ സിനിമയിലൂടെ കടന്നു പോകുന്നുണ്ട്.
കൃഷ്‌ണേന്ദു എ മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.