നെടുമുടി വേണുവെന്ന നടന്‍ മലയാള സിനിമയുടെ സകലകലാ വല്ലഭനായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. മലയാള സിനിമയില്‍ അത്തരത്തിലുള്ള നടന്‍മാര്‍ കുറവാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാട് നഷ്ടമാകുന്നതെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ശ്രീനിവാസന്റെ വാക്കുകള്‍:
'സിനിമയില്‍ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവര്‍ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണു നാം വിശ്വസിക്കുക. എന്നാല്‍ നല്ല ബുദ്ധിയുള്ളവര്‍ അപൂര്‍വം ചിലരേയുള്ളു. നെടുമുടി വേണു അവരില്‍ ഒരാളായിരുന്നു.
കോലങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കുണ്ടറയില്‍ എത്തിയപ്പോഴാണ് ആദ്യം കാണുന്നത്. കുട്ടനാടന്‍ ഗ്രാമീണതയുടെ ഭംഗിയുള്ള മനസുള്ള ആ മനുഷ്യന്‍ എല്ലാവരോടെന്നപോലെ എന്നോടും പെട്ടെന്ന് അടുത്തു.
81 മുതല്‍ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനൊടൊപ്പം ഞാന്‍ എത്രയോ സ്റ്റേജ് ഷോകള്‍ ചെയ്തു. നന്നായി അഭിനയിക്കുന്നതുപോലെ നെടുമുടി വേണുവിലെ ഗായകനേയും അവിടെ കണ്ടു. കാഴ്ചക്കാരെ പാട്ടിലൂടെ അദ്ദേഹം അദ്ഭുതപ്പെടുത്തുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ സകലകലാ വല്ലഭന്മാര്‍ എന്നു പറയാവുന്നവര്‍ കുറവാണ്. നെടുമുടി വേണുവെന്ന നടന്‍ അങ്ങനെയായിരുന്നു. അതുകൊണ്ടാണു ആ വേര്‍പാടു നഷ്ടമാകുന്നതും.'