ഈ കലാകാരിയില്‍ നിന്നും യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമ നടികള്‍ തിരിച്ചറിയണം; പാര്‍വതിയെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

ഈ കലാകാരിയില്‍ നിന്നും യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമ നടികള്‍ തിരിച്ചറിയണം; പാര്‍വതിയെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി
Published on

A.M.M.Aയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി. അമ്മ എന്ന ദിവ്യനാമം വഹിക്കുന്ന(?) താരസംഘടനയില്‍ നിന്നും രാജിവെയ്ക്കാന്‍ തന്റേടം കാണിച്ച പാര്‍വതി തിരുവോത്തിനെ അഭിനന്ദിക്കുന്നു.നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും രാജിവെയ്്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയില്‍ നിന്നും യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയണം.

അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധ രാത്രിക്കു കുട പിടിക്കുമെന്നു A.M.M.A ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ശ്രീകുമാരന്‍ തമ്പി പരിഹസിച്ചു. അര്‍ഹതയില്ലാതെയാണ് ഇടവേള ബാബു സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി വിമര്‍ശിക്കുന്നു. എക്‌സ്ട്രാ നടന്റെ തമാശയായി പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തുകയായിരുന്നു പാര്‍വതിയെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

മലയാള സിനിമയിലെ സമാനകളില്ലാത്ത നടിയാണ് പാര്‍വതി. ടേക്ക് ഓഫ് ഉള്‍പ്പെടെയുള്ള സിനിമകള്‍ കണ്ട തനിക്ക് ഇക്കാര്യം ധൈര്യമായി പറയാന്‍ കഴിയും. ഷീലയും ശാരദയും ഉര്‍വ്വശിയും ഉള്‍പ്പെടെ മലയാളത്തിലെ വലിയ നടികളെ കഥാപാത്രങ്ങളാക്കിയ സംവിധായകനാണ് താന്‍. മോഹിനിയാട്ടം എന്ന ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ "എക്സ്ട്രാനടന്റെ"കളിതമാശ"യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. " "അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും " എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് "ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല,ശാരദ,കെ.ആർ.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, വിധുബാല ,നന്ദിത ബോസ്,പൂർണ്ണിമ ജയറാം, ഉർവ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീവിമോചനം വിഷയമാക്കി "മോഹിനിയാട്ടം " എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.

11KManeesh Narayanan, Jinesh V S and 11K others1.3K comments2.2K shares

Related Stories

No stories found.
logo
The Cue
www.thecue.in