മണി ഹൈസ്റ്റിന് ശേഷം ലോകമെമ്പാടുള്ള പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നെറ്റ്ഫ്‌ലിക്‌സ് സീരീസാണ് സ്‌ക്വിഡ് ഗെയിംസ്. സെപ്തംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിംസ് എന്ന സൗത്ത് കൊറിയന്‍ ഡിസ്ടോപ്യന്‍ ഡ്രാമാ സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. സ്ട്രീമിംഗിന് ശേഷം സംഭവിച്ചത് ചരിത്രമാണ്. രണ്ടാഴ്ചക്കകം നെറ്റ്ഫ്ളിക്സിന്റെ മോസ്റ്റ് പോപ്പുലര്‍ നോണ്‍ ഇംഗ്ലീഷ് ഷോ ആയി സ്‌ക്വിഡ് ഗെയിംസ് മാറി. 31 ഭാഷകളില്‍ സബ് ടൈറ്റിലിനൊപ്പവും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്‌ക്വിഡ് ഗെയിംസിന്റേതായി ലഭ്യമാക്കിയിരിക്കുന്നത്. 90 രാജ്യങ്ങളില്‍ ടോപ് വണ്‍ സ്ഥാനത്ത് തുടരുകയാണ് സ്ട്രീമിംഗ് തുടങ്ങിയത് മുതല്‍ സ്‌ക്വിഡ് ഗെയിംസ്. നെറ്റ്ഫ്ളിക്സ് അധികൃതരെ പോലും അമ്പരപ്പിച്ചാണ് സ്‌ക്വിഡ് ഗെയിംസ് അഭൂതപൂര്‍വമായ വിജയം വരിച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം വിലയിരുത്തുന്നു. ഇത് പോലെ ദ്രുതവേഗത്തില്‍ വിജയം വരിച്ച മറ്റൊരു സീരീസ് ഓര്‍മ്മയിലില്ലെന്ന് നെറ്റ്ഫ്ളിക്സ് ഏഷ്യാ പസഫിക് ചുമതലയുള്ള മിനയംഗ് കിം പറയുന്നു.
പണമില്ലാതെ ലാപ് ടോപ് വില്‍ക്കേണ്ടി വന്ന സംവിധായകന്‍
സിനിമയെയും സീരീസിനെയും വെല്ലുന്നൊരു യാതനയുടെ കഥ സ്‌ക്വിഡ് ഗെയിംസിന് പിന്നിലുണ്ട്. ഹ്വാങ്ങ് ഡോങ്ങ് ഹ്യുക് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പത്ത് കൊല്ലത്തെ തിരസ്‌കാരങ്ങളുടെയും അതിജീവനത്തിന്റെയും വിജയഗാഥ കൂടിയാണ് സ്‌ക്വിഡ് ഗെയിംസ്. ദക്ഷിണ കൊറിയയിലെ സോളില്‍ ജനിച്ച ഹ്വാംഗ് ഡോങ് ഹ്യൂക് ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. ലോസ് എഞ്ചല്‍സിലേക്ക് സിനിമാ പഠനത്തിനെത്തിയ ഹ്വാംഗ് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം.എഫ്.എ പൂര്‍ത്തിയാക്കി ചലച്ചിത്ര മേഖലയില്‍ സജീവമായി.
ആദ്യസീസണിലെ റേറ്റിംഗ് ഇടിവില്‍ എല്ലാം പൂട്ടിക്കെട്ടിയ മണിഹൈസ്റ്റ് പോലെ എല്ലാം അവസാനിപ്പിച്ചിടത്ത് നിന്നാണ് സ്‌ക്വിഡ് ഗെയിംസിന്റെയും തിരിച്ചുവരവ്. വികൃതസൃഷ്ടിയെന്നും അണ്‍റിയലിസ്റ്റിക്കെന്നും പറഞ്ഞ് നിരവധി സ്റ്റുഡിയോകള്‍ നിരസിച്ച പ്രൊജക്ടാണ് സ്‌ക്വിഡ് ഗെയിംസ്. അവിടൊന്നും തോല്‍ക്കാതെ ഹ്വാംഗ് യാത്ര തുടര്‍ന്നു. അമ്മയ്ക്കും മുത്തശിക്കുമൊപ്പം താമസിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 675 ഡോളര്‍ ആവശ്യം വന്നപ്പോല്‍ സ്‌ക്രിപ്റ്റെഴുതിക്കൊണ്ടിരുന്ന ലാപ് ടോപ് ഹ്വാംഗ് ഡോങ് ഹ്യൂകിന് വില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് 'ഇന്‍സൈഡര്‍' ലേഖനത്തില്‍ പറയുന്നു.
2009ലാണ് ഹ്വാങ്ങ് ഡോങ്ങ് സ്‌ക്വിഡ് ഗെയിംസിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നത്. നിരവധി നിര്‍മ്മാതാക്കളെ അദ്ദേഹം തിരക്കഥയുമായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 'പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം വളരെ വ്യത്യസ്തവും തീക്ഷണവുമായ അതിജീവനത്തിന്റെ കഥകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്' എന്നാണ് ഹ്വാങ്ങ് ഡോങ്ങ് കൊറിയന്‍ ടൈംസിനോട് പറഞ്ഞത്. സ്‌ക്വിഡ് ഗെയിംസ് വലിയ വിജയമായിരുന്നില്ലെങ്കില്‍ വലിയ പരാജയത്തെ നേരിടേണ്ടി വന്നേനേ. അതിന് കാരണം സീരിസിന്റെ പ്രമേയം തീര്‍ത്തും പരീക്ഷണമായതിനാലാണെന്നും ഹ്വാങ്ങ്.
നെറ്റ്ഫ്ളിക്സിലെ കൊറിയന്‍ തരംഗം
സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിംസ്. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിം നടക്കുകയാണ്. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളിലാണ് ആദ്യ സീസണ്‍. ''ലോകം മാറിയല്ലോ, പത്ത് കൊല്ലം മുമ്പ് അസ്വാഭാവികമെന്ന് വിലയിരുത്തിയ കാര്യങ്ങള്‍ റിയലിസ്റ്റിക് ആണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് തോന്നിക്കാണും'' നേരിട്ട തിരസ്‌കാരങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ വിലയിരുത്തുകയാണ് ഹ്വാങ്ങ്.
രണ്ട് വര്‍ഷം മുമ്പാണ് നെറ്റ്ഫ്ളിക്സ് സ്‌ക്വിഡ് ഗെയിംസ് സ്വന്തമാക്കുന്നത്. 90 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സീരീസിന്റെ 95 ശതമാനം പ്രേക്ഷകര്‍ സൗത്ത് കൊറിയക്ക് പുറത്തുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം.
അതേസമയം 2015-2020നിടക്ക് കൊറിയന്‍ സിനിമകള്‍ക്കും സീരീസിനുമായി നെറ്റ്ഫ്‌ലിക്‌സ് നിക്ഷേപിച്ചത് ഏകദേശം 700 ദശലക്ഷം ഡോളറാണ്. ഈ വര്‍ഷം മാത്രം അതില്‍ നിന്ന് അരലക്ഷം ബില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള പദ്ധതിയിലാണ് നെറ്റ്ഫ്‌ലിക്‌സ്. ഇന്ത്യന്‍ കണ്ടന്റിനായി കഴിഞ്ഞ രണ്ട് വര്‍ഷതതിനിടക്ക് 400 ദശലക്ഷം ഡോളറാണ് മാറ്റിവെച്ചിരുന്നത്. ലോകമെമ്പാടുമുള്ള കണ്ടന്റുകള്‍ക്കായി നെറ്റ്ഫ്‌ലിക്‌സ് ഏകദേശം 17 ബില്യണാണ് ഈ വര്‍ഷം മാത്രം ചിലവഴിച്ചിരിക്കുന്നത്.