സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും കൃത്യമായ രേഖകളുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളായ പറവ ഫിലിംസ് കള്ളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം ഇഡിക്കു മുന്നില്‍ നിഷേധിച്ച് സൗബിന്‍ ഷാഹിര്‍. യാതൊരു വിധത്തിലുള്ള കള്ളപ്പണയിടപാടുകളും നടത്തിയിട്ടില്ലെന്ന് സൗബിന്‍ മൊഴി നല്‍കി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും കൃത്യമായ രേഖകളുണ്ട്. പരാതിക്കാരനായ സിറാജ് വലിയതറ ഹമീദിന്റെ കയ്യില്‍ നിന്ന് വാങ്ങിയ ഏഴു കോടിയില്‍ ആറരക്കോടി തിരികെ നല്‍കിയിട്ടുണ്ട്. കൂടാതെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് സിറാജാണെന്നും സൗബിന്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഏഴു കോടി നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു കോടി മാത്രമാണ് സിറാജ് നല്‍കിയത്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്താണ് ബാക്കിയുള്ള തുക നല്‍കിയത്. മുന്‍പും സാമ്പത്തിക തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് സിറാജ് എന്നും അക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തണമെന്നും സൗബിന്‍ മൊഴിയില്‍ പറഞ്ഞു.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ആന്റണി, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കള്ളപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴിയെടുത്തിരുന്നു. സിനിമയുടെ നിര്‍മാണത്തിനായി തന്റെ പക്കല്‍ നിന്ന് വാങ്ങിയ ഏഴു കോടി രൂപയില്‍ നിന്ന് ഒരു രൂപ പോലും തിരികെ നല്‍കിയില്ലെന്ന് കാട്ടി സിറാജ് വലിയതറ ഹമീദ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും ചിത്രം സൂപ്പര്‍ഹിറ്റായിട്ടും തനിക്ക് മുടക്കുമുതലോ ലാഭവിഹിതമോ ആയി ഒരു രൂപ പോലും നല്‍കിയില്ലെന്നും സിറാജ് പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ മരട് പോലീസ് കേസെടുത്തു. പരാതിക്കാരന് പണമൊന്നും ലഭിച്ചില്ലെന്ന് ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സിറാജ് 7 കോടി രൂപയാണ് സിനിമയ്ക്കായി നിക്ഷേപിച്ചത്. ചിത്രത്തിന്റെ മുതല്‍മുടക്ക് 22 കോടിയാണെന്നാണ് നിര്‍മാതാക്കള്‍ പരാതിക്കാരനെ ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പുതന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സിറാജിനെ നിര്‍മാതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും സിറാജിനെ നിര്‍മാണ കമ്പനി കരുതിക്കൂട്ടി ചതിക്കുകയായിരുന്നെന്നും പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ നല്‍കിയതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.