നടൻ ഷെയ്ൻ നിഗം ആർഡിഎക്സ് എന്ന സിനിമയുടെ പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സോഫിയ പോളിനെഴുതിയ കത്ത് പുറത്ത്.
ആർ.ഡി.എക്‌സ് എന്ന സിനിമയുമായി തന്നോട് സംസാരിക്കുമ്പോൾ താനാണ് പ്രധാന കഥാപാത്രമെന്നും ഒപ്പം രണ്ട് സഹതാരങ്ങളുമാണ് ഉണ്ടാവുക എന്നുമായിരുന്നു പറഞ്ഞിരുന്നതെന്ന് ഷെയ്ൻ പറയുന്നു. എന്നാൽ ചിത്രീകരണ സമയത്ത് പ്രധാന കഥാപാത്രം ആയിട്ടു കൂടെ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്ന പോലെ തോന്നുന്നില്ല എന്നും, അതിന് വ്യക്തത തരണമെന്നും ഷെയ്ൻ നിഗം കത്തിൽ ആവശ്യപ്പെടുന്നു. ചിത്രീകരണം അത് തന്റെ പ്രൊഫഷണൽ ലൈഫിനെ ബാധിക്കുമെന്നും ചിത്രീകരണം വിചാരിച്ചതിനേക്കാൾ കൂടുതൽ നീണ്ടുപോയെന്നും ഷെയ്ന് പറയുന്നു. തന്റെ കഥാപാത്രത്തിന് മാർക്കറ്റിങും, പ്രൊമോഷനും, ബ്രാൻഡിങും ചെയ്യുന്ന സമയത്ത് തനിക്ക് പ്രാധാന്യം നൽകണം എന്നും കത്തിൽ പറയുന്നുണ്ട്.
താൻ നിർമ്മിക്കുന്ന ആർ.ഡി.എക്‌സ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ആക്ടർ ഷെയ്ൻ നിഗത്തിന്റെയും, അദ്ദേഹത്തിന്റെ അമ്മയുടെയും ഭാഗത്തു നിന്ന്, തനിക്കും, തന്റെ പ്രൊഡക്ഷൻ ടീമിനും നേരെ ഒട്ടും പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റമുണ്ടായി എന്ന് സോഫിയ പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകിയ പരാതിയിൽ പറയുന്നു.
സിനിമയുടെ അതു വരെ ചിത്രീകരിച്ച ദൃശ്യങ്ങൾ തന്നെയും അമ്മയെയും കാണിക്കണമെന്നാവശ്യപ്പെട്ട് സെറ്റിൽ പ്രശ്നമുണ്ടാക്കിയതായും സോഫിയ പോൾ നിർമ്മാതാക്കളുടെ സംഘടനക്ക് നൽകിയ കത്തിൽ പറയുന്നു.
സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ചിത്രീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സിനിമാ സംഘടനകൾ ഷെയ്നെ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.