റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പുഴു മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. മമ്മൂട്ടി അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായുള്ള പ്രകടനത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.
താന്‍ ചിന്തിക്കുന്നത് പോലെ എല്ലാം നടക്കണമെന്ന് ആഗ്രഹിക്കുന്ന, സ്വന്തം സമാധാനത്തിന് വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ മമ്മൂട്ടി. ചുറ്റും നടക്കുന്നതെല്ലാം തന്റെ ഇടുങ്ങിയ ചിന്താഗതിയിലൂടെ മാത്രം നോക്കിക്കാണുന്ന, ആ കഥാപാത്രമായുള്ള പകര്‍ന്നാട്ടത്തിലൂടെ പ്രേക്ഷകനെയും ആ വഴി തന്നെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് ഒരു നടനെന്ന രീതിയില്‍ മമ്മൂട്ടി കൈവരിച്ച വിജയം.
'തന്നിലെ നടനെ തേച്ചു മിനുക്കി മിനുക്കി, ഇപ്പോള്‍ തൊട്ടാല്‍ മുറിയുവോളം മൂര്‍ച്ചയാക്കിയിരിക്കുന്നു.' എന്നാണ് ചിത്രത്തിലെ പ്രകടനത്തെ ഒരു പ്രേക്ഷകന്‍ വിലയിരുത്തിയത്. മമ്മൂട്ടിയുടെ പ്രകടനം ഞെട്ടിച്ചുകളഞ്ഞെന്നും ഗംഭീരം എന്നും പറഞ്ഞാല്‍ കുറഞ്ഞു പോകുമെന്നുമായിരുന്നു മറ്റൊരു പ്രേക്ഷകന്റെ വിലയിരുത്തല്‍.
'അഭിനയത്തിന്റെ സൂക്ഷമ തലങ്ങളിലൂടെ മമ്മൂട്ടി സഞ്ചരിച്ചിരിക്കുന്ന കാഴ്ച്ച' എന്ന് മറ്റൊരു പ്രേക്ഷകന്‍ കുറിച്ചു. ഇത്തരത്തില്‍ മമ്മൂട്ടിയുടെ പേര് വെളിപ്പെടുത്താത്ത, കുട്ടന്‍ എന്ന വിളിപ്പേരില്‍ മാത്രം സിനിമയില്‍ അറിയപ്പെടുന്ന കഥാപാത്രത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങളും പുകഴ്ത്തലും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം പാര്‍വ്വതിയുടെയം എരഞ്ഞിക്കല്‍ ശശിയുടെയും പ്രകടനവും കയ്യടി നേടുകയാണ്. അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശിയുടെ ബി.ആര്‍ കുട്ടപ്പന്‍ എന്ന നാടകകലാകാരന്റെ കഥാപാത്രവും വലിയ പ്രശംസ സ്വന്തമാക്കുകയാണ്. എരഞ്ഞിക്കല്‍ ശശിയുടെ പ്രകടനത്തെ പുകഴ്ത്തിയും എങ്ങനെ അദ്ദേഹം പുഴുവില്‍ എത്തിയെന്നതിനെയും വിശദീകരിച്ച് സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.