സിനിമ-സീരിയൽ നടൻ ടി.എസ് രാജു മരിച്ചെന്ന് വ്യാജപ്രചരണം. വാർത്തകൾ വ്യാജമെന്നറിയാതെ അഭിനേതാക്കളും, ഫെഫ്ക ഉൾപ്പെടെ സംഘടനകളും ഫേസ്ബുക്കിൽ ആദരാഞ്ജലിയർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താൻ ജീവിച്ചിരിപ്പുണ്ടെന്നും ആരും കൊല്ലാൻ നോക്കേണ്ടെന്നും അറിയിച്ച് ടി.എസ് രാജു തന്നെ വീഡിയോ പുറത്തുവിട്ടു. മരണവാർത്ത പങ്കുവച്ചതിൽ അജു വർഗീസ് ടി.എസ് രാജുവിനെ ഫോണിൽ വിളിച്ച്ക്ഷമാപണവും നടത്തി.
ഫേസ്ബുക്കില്‍ ആരോ എഴുതിയിട്ട പോസ്റ്റ് കണ്ട്, വിഷമം തോന്നിയതിനാല്‍ പോസ്റ്റ് എഴുതിയിട്ടതാണ് എന്നും അബദ്ധം പറ്റിയതാണ് എന്നും അജു വര്‍ഗ്ഗീസ് ടി എസ് രാജുവിനോട് ഫോണ്‍ കോളില്‍ പറഞ്ഞു. ടി എസ് രാജുവിനെ താന്‍ ആരാധിക്കുന്നത് കൊണ്ടാണ് വൈകാരികമായി എഴുതിയതെന്നും അജു പറഞ്ഞു. ചാനലുകൾ ബൈറ്റ് എടുക്കാനെത്തിയപ്പോഴായിരുന്നു അജു വർഗീസിന്റെ കോൾ.
അജുവിനോടും പോസ്റ്റ് പങ്കുവച്ചവരോടും യാതൊരു ദേഷ്യമില്ലെന്നും ടി എസ് രാജു വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിച്ചതിലുള്ള പ്രയാസമേയുള്ളൂ എന്നും ടി എസ് രാജു.
അജു ടി.എസ് രാജുവിനോട് പറഞ്ഞത്
ഞാന്‍ ഇങ്ങനെയൊരു വാര്‍ത്തയറിഞ്ഞ് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റ് ചെയ്തതില്‍ ഞാന്‍ സാറിനോട് ക്ഷമ ചോദിക്കുന്നു. സാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ജോക്കറിലെ,'ദി ഷോ മസ്റ്റ് ഗോ ഓണ്‍' എന്ന ഡയലോഗ് ഞാന്‍ ജീവിതത്തിലുമുപയോഗിക്കുന്നതാണ്. വ്യക്തിപരമായി എനിക്ക് വിഷമം തോന്നിയത് കൊണ്ട് പെട്ടന്ന് എഴുതി പോസ്റ്റ് ചെയ്തതാണ്. ആധികാരികമായി ആരോ എഴുതിയിട്ട പോസ്റ്റ് കണ്ട് എഴുതിയതാണ്, അബദ്ധം പറ്റിയതാണ്. ആര് പോസ്റ്റ് ചെയ്തതാണ് എങ്കിലും തനിക്ക് യാതൊരു വിധത്തിലുമുള്ള ദേഷ്യമോ മാനസിക പ്രയാസമോ ഇല്ലെന്നും മാധ്യമപ്രവര്‍ത്തകരെ ബുദ്ധിമുട്ടിച്ചതിലെ സങ്കടമുള്ളൂ എന്നും ടി.എസ് രാജു പറയുന്നു. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രാവിലെ ഇവിടെയെത്തിയെന്നും താന്‍ ജീവനോടെ ഉണ്ട് എന്നത് ഷൂട്ട് ചെയ്താണ് അവര്‍ പോയതെന്നും അവരെ ബുദ്ധിമുട്ടിച്ചതില്‍ മാത്രമേ തനിക്ക് ബുദ്ധിമുട്ടുള്ളൂവെന്നും രാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോക്കര്‍, കാഴ്ച്ച തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും ടി എസ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.