മമ്മൂട്ടി നായകനായെത്തി എസ്.എന്‍ സ്വാമി കെ മധു കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5നെതിരെ ഡീഗ്രേഡിംഗ് നടന്നതായി തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. സിനിമയുടെ ആദ്യ പ്രദര്‍ശനം ആരംഭിച്ച് അര മണിക്കൂര്‍ പിന്നിട്ടതും വിമര്‍ശനങ്ങളും ആരംഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍ സ്വാമി.
എസ്.എന്‍ സ്വാമിയുടെ വാക്കുകള്‍:
ഡിജിറ്റല്‍ മീഡിയയുടെ അതിപ്രസരമുള്ള കാലത്തല്ല ഞാന്‍ ഇതിന് മുമ്പ് സിനിമ ചെയ്തിരുന്നത്. 6-7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യുന്നത്. ഒരു സിനിമയുടെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും ടെക്‌നിക്കുകളും മാറിയ ഒരു കാലത്താണ് ഞങ്ങള്‍ ഈ സിനിമയുമായി എത്തിയത്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു, അനുഭവങ്ങളിലൂടെയാണ് പഠിച്ചത്. ഡീഗ്രേഡിംഗ് ഈ സിനിമയെ ബാധിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. അതിന് ഒരേയൊരു കാരണം ഈ നാട്ടിലെ പ്രബുദ്ധരായ പ്രേക്ഷകരാണ്. അവരോടാണ് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ ജനങ്ങളോട്. അവര്‍ ഒന്നടങ്കം ഈ സിനിമയെ ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതാണ് ഈ സിനിമ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചത്.
ഒന്നാം തീയതി രാവിലെ എട്ടരയ്ക്കാണ് സിനിമ റിലീസ് ചെയ്തത്. ഒമ്പത് മണിയോടെ വിമര്‍ശനത്തിന്റെ വീഡിയോ കാണാന്‍ ഇടയായി. ഇതൊന്നും ഞങ്ങള്‍ക്ക് പരിചിതമല്ല. 60ല്‍ അധികം സിനിമകള്‍ക്ക് ഞാന്‍ തിരക്കഥ എഴുതി. അതില്‍ 40ഓളം സിനിമകളില്‍ മമ്മൂട്ടി നായകനായി, മോഹന്‍ലാല്‍ 20ഓളം സിനിമയിലും, അമ്പിളി ചേട്ടന്‍ എന്ന ജഗതി ശ്രീകുമാറും 40ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇത്തരം പ്രവണതകള്‍ ഉണ്ടായിട്ടില്ല. പണ്ടും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഇന്ന് അങ്ങനെയല്ല, ഈ മാറ്റത്തിന് കാരണമെന്ത് എന്ന് മനസ്സിലാകുന്നില്ല.