മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് 200 തിയേറ്ററുകള്‍ തരമാമെന്ന വാക്ക് ഉടമകള്‍ പാലിച്ചില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍. കൊവിഡ് തുടങ്ങിയ സമയം മുതലെ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാനാണ് ആന്റണി തീരുമാനിച്ചത്. 200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് എനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത് 86 തിയേറ്ററിലേക്ക് ആക്കിയത് ഉടമകള്‍ തന്നെയാണെന്നും സിയാദ് കോക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി തുടരവെ 50 ശതമാനം പ്രേക്ഷകരെ വെച്ച് എല്ലാ നഷ്ടവും സഹിച്ച് സിനിമ റിലീസ് ചെയ്യാന്‍ പറയുന്നത് എന്ത് മര്യാദയാണ്. അതിനാല്‍ ഒടിടി റിലീസ് എന്നാണ് നിര്‍മ്മാതാവിന്റെ തീരുമാനമെങ്കില്‍ അതിനെ സ്വീകരിക്കുന്നു എന്നും സിയാദ് കോക്കര്‍.
സിയാദ് കോക്കര്‍ പറഞ്ഞത്: 'മരക്കാര്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളുമില്ല. ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ സംഘടനയുടെ അംഗമായിരുന്നു. കൊവിഡ് തുടങ്ങിയ സമയത്ത് അദ്ദേഹം സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. ഒരു 200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് എനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫിയോക്ക് അംഗീകരിക്കുകയും തിയേറ്റര്‍ ഉടമകള്‍ക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ 86 തിയേറ്ററുകളില്‍ നിന്നും മാത്രമാണ് മറുപടി വന്നത്. ഇത്രയേറെ റിസ്‌ക് എടുത്ത് മരക്കാര്‍ റിലീസ് ചെയ്യുമ്പോള്‍ 86 തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയോ? വൈകാരികമായി വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല.
സത്യാവസ്ഥ ഇതിന്റെ പുറകിലുണ്ട്. അഡ്വാന്‍സ് കൊടുക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമൊന്നുമല്ല. തമിഴ് സിനിമകള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ എത്ര അഡ്വാന്‍സ് കൊടുത്തു? കഴിഞ്ഞ രജനികാന്ത് പടത്തിന് കൊടുത്തത് എത്രയാണ്? അത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ക്ക് ഇത്ര കിട്ടാനുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. ഇവര്‍ അഡ്വാന്‍സ് കൊടുക്കുന്നത് എന്തിനാ? ഇതൊന്നും നല്ല പ്രവണതയല്ല. ഒടിടി റിലീസ് ചെയ്യുക എന്നത് നിര്‍മ്മാതാവിന്റെ തീരുമാനം ആണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. ഇപ്പോള്‍ 50 ശതമാനം മാത്രമാണ് പ്രേക്ഷകര്‍. ഈ അവസ്ഥയില്‍ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യാദ?
രണ്ടുകൂട്ടരും സഹകരിച്ചാല്‍ മാത്രമേ കാര്യമില്ല. നല്ല ഇനിഷ്യല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കുന്ന പ്രവണത പണ്ട് മുതലേയുണ്ട്. അതൊന്നും ഒറ്റ് കാരണമേയല്ല. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാവുമായ സംസാരിച്ച് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ബാന്‍ ചെയ്യും എന്ന് പറയുന്നത് ശരിയല്ല. ഇവരെയെല്ലാം സംയുക്തമായി കൊണ്ടുവരികയാണ് സംഘടനകള്‍ ചെയ്യേണ്ടിയിരുന്നത്.'
അതേസമയം മലയാള സിനിമകളുടെ റിലീസ് ആശങ്കയിലാണെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് പറയാനാവില്ല. നാളത്തെ ഫിലിം ചേമ്പറുമായുള്ള യോഗത്തിന് ശേഷം മാത്രമെ സിനിമകള്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമാവുകയുള്ളു എന്നാണ് യോഗത്തില്‍ തീരുമാനമായത്.