പ്രസ് ഫോട്ടോഗ്രഫിയിലെ കുലപതിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശിവനെക്കുറിച്ച് മകനും രാജ്യാന്തര ശ്രദ്ധ നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ശിവനയന'ത്തിന്റെ ട്രെയിലര്‍ നടന്‍ പൃഥ്വിരാജ് ലോഞ്ച് ചെയ്തു. കേരളാ മീഡിയ അക്കാദമിയാണ് ഡോക്യൂമെന്ററിയുടെ നിർമ്മാണം.
കേരള ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ ഫിലിം സ്റ്റിൽ ക്യാമറയിലൂടെ പകർത്തിയെടുക്കാൻ സാധിച്ച അതുല്യനായ ഒരു ഫോട്ടോ ജേണലിസ്റ്റ് കൂടിയായിരുന്നു ശിവൻ അങ്കിൾ എന്നാണ് പൃഥ്വിരാജ് വീഡിയോയിൽ പറയുന്നത്. ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ്, ഫോട്ടോ ജേണലിസം എന്നീ മേഖലകളിലെ വഴികാട്ടിയും ഇതിഹാസവുമായ ശിവൻ അങ്കിളിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററിയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലും കുറിച്ചു.
അടുത്തിടെ അന്തരിച്ച ശിവന്റെ കലയും ജീവിതവും ആവിഷ്‌ക്കരിക്കുന്ന ഡോക്യുമെന്ററി എം.ടി.വാസുദേവന്‍നായരും, കെ.എസ്.സേതുമാധവനും മുതല്‍ മോഹന്‍ലാലും മണിരത്‌നവും പ്രിയദര്‍ശനും മഞ്ജുവാര്യരും തുടങ്ങി ഒട്ടേറെപ്പേര്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. മാധ്യമരംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖരെക്കുറിച്ച് മീഡിയാ അക്കാഡമി നിര്‍മ്മിക്കുന്ന സീരീസില്‍ ആദ്യത്തേതാണ് ശിവനയനം.
ഒന്നര വര്‍ഷം മുമ്പ് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണം തന്റെ സിനിമാ പ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും സന്തോഷ് ശിവന്‍ വേഗം പൂര്‍ത്തിയാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ വി.എസ്.രാജേഷാണ് ഡോക്യുമെന്ററിയുടെ എഴുത്തും ഗവേഷണവും നിര്‍വഹിച്ചത്. ചിത്രത്തിന്റെ ഫൈനല്‍കട്ട് ശിവന്‍ കണ്ടിരുന്നു. ഡോക്യുമെന്ററികളെല്ലാം ഒരുമിച്ച് റിലീസ് ചെയ്യാനാണ് മീഡിയ അക്കാഡമി ഉദ്ദേശിച്ചിരുന്നതെങ്കിലും ശിവന്റെ വിയോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ആദരസൂചകമായി ഉടന്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മോഹന്‍ലാല്‍ ചിത്രം റിലീസ് ചെയ്യും.