വിജയ് ടിവിയിലൂടെ അവതാരകനായി കരിയർ ആരംഭിക്കുകയും പിന്നീട് നായകനടനിലേക്ക് വളരുകയും ചെയ്ത നടനാണ് ശിവകാർത്തികേയൻ. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി തമിഴ് സിനിമയിലെ മുൻനിര നായകനായി മാറിയ ശിവകാർത്തികേയൻ തന്റെ കരിയറിൽ മലയാള സിനിമ താരങ്ങളിൽ നിന്ന് പ്രചോദമുൾക്കൊണ്ടിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്ന ആളുകൾ നായകനായി മാറുന്ന കൾച്ചർ തമിഴ് സിനിമയ്ക്കുണ്ടായിരുന്നില്ല എന്നതുകൊണ്ടു തന്നെ അത്തരം കഥാപാത്രങ്ങളിലൂടെ നായകനടനിലേക്ക് വളർന്നിട്ടുള്ള മലയാള സിനിമ താരങ്ങൾ തന്റെ വളർച്ചയ്ക്ക് പ്രചോദനമായിട്ടുണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന സെക്ഷനിൽ ഖുശ്ബുവിനോട് സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.
ശിവകാർത്തികേയൻ പറഞ്ഞത്:
വിജയ് ടിവിയിൽ 2007 ലാണ് ഞാൻ എന്റെ കരിയർ ആരംഭിക്കുന്നത്. എഞ്ചിനീയറിംഗ് പാസ്സാകുന്ന സമയത്ത് ഒരു ബ്രാന്റായി ഞാൻ മാറുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. അത്രമാത്രം അറിവൊന്നും അന്നുണ്ടായിരുന്നില്ല. മിമിക്രി ആർട്ടിസ്റ്റ് എന്നത് ഇവിടേക്ക് എത്താനുള്ള ഒരു എൻട്രി മാത്രമാണെന്നാണ് ഞാൻ കരുതിയത്. പ്രത്യേകിച്ചും തമിഴ് നാട്ടിൽ മലയാളം ഇൻഡസ്ട്രിയിലെ പോലെ ഒരു കൾച്ചറല്ല ഉണ്ടായിരുന്നത്. മലയാളത്തിൽ മിമിക്രി ആർട്ടിസ്റ്റായി വന്ന് നായകനായും പിന്നീട് വലിയ ആർട്ടിസ്റ്റുകളായും മാറിയ അഭിനേതാക്കളുണ്ട്. മിമിക്രി ആർട്ടിസ്റ്റായി വന്ന് നാഷ്ണൽ അവാർഡ് വരെ വാങ്ങിയ താരങ്ങൾ അവിടെ ഉദാഹരണങ്ങളാണ്. അത്തരത്തിലുള്ള ഒരുപാട് അഭിനേതാക്കൾ മലയാളത്തിൽ ഉണ്ട്. അവരിൽ നിന്നെല്ലാം ഞാൻ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ തമിഴ് നാടിന് അങ്ങനെയൊരു കൾച്ചർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മീഡിയ ഇൻഡസ്ട്രിയിലേക്ക് കയറാനുള്ള ഒരു എൻട്രിയായാണ് ഞാൻ മിമിക്രിയെ കണ്ടത്. പിന്നീടാണ് ഒരു അവതാരകൻ ആകാൻ എനിക്ക് കഴിയും എന്ന് ഞാൻ മനസ്സിലാക്കുന്നത്. ടെലിവിഷനിൽ അവതാരകനായി ഞാൻ പോകാനുള്ള ഒരേയൊരു കാരണം എന്തെന്നാൽ ഒരു മണിക്കൂർ ഷോയിൽ ഉടനീളം ആ അവതാരകൻ ഉണ്ടായിരിക്കും എന്നതായിരുന്നു. മത്സരാർത്ഥി വരുന്നത് പത്തു മിനിറ്റിലേക്ക് ആണെങ്കിൽ അവതാരകൻ ആ ഷോയെ മുഴുനീളെ നയിക്കാനായി ഉണ്ടാവും. നമുക്ക് സ്പോൺസേഴ്സിന്റെ പേരും ഷോയുടെ പേരുമെല്ലാം ആവർത്തിച്ച് പറയേണ്ടതായുണ്ട് എന്നതുകൊണ്ടു തന്നെ അവർക്ക് നമ്മളെ എഡിറ്റ് ചെയ്ത് കളയാൻ സാധിക്കില്ല, അങ്ങനെ വരുമ്പോൾ എന്റെ മുഖം ആളുകൾക്കുള്ളിൽ പരിചിതമായി മാറും എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത.