അച്ഛന്റെ മരണ ശേഷം സംഭവിച്ച വിഷാദത്തിൽ നിന്നും രക്ഷനേടാൻ സഹായിച്ചത് അഭിനയമായിരുന്നുവെന്ന് നടൻ ശിവകാർത്തികേയൻ. ആരാധകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്നും പുറത്തുവരാൻ സഹായിച്ചത് എന്നും അഭിനയത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളും സദസ്സിൽ നിന്നുള്ള കരഘോഷമായിരുന്നു അക്കാലത്തെ തന്റെ തെറാപ്പി എന്നും ശിവകാർത്തികേയൻ പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഫ്രം സ്മോൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്ന സെഷനിൽ നടി ഖുശ്ബുവിനോട് സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.
ശിവകാർത്തികേയൻ പറഞ്ഞത്:
എന്റെ അച്ഛന്റെ മരണം എല്ലാത്തിനെയും മാറ്റിമറിച്ചു. അതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഞാൻ ഡിപ്രഷനിലായിരുന്നു, എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇത് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ വിഷാദത്തിൽ നിന്നും ആ ദുഃഖത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഞാൻ ഈ സ്റ്റേജിലേക്ക് എത്തിയത്. എനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു എന്റെ തെറാപ്പി. അതാണ് എനിക്ക് ജീവിതത്തിൽ പോസിറ്റീവായ ഒരു ഒരു വഴി കാണിച്ചു തന്നത്. പിന്നീട് ഞാൻ അത് തുടർന്നു പോവുകയാണുണ്ടായത്. ഒരു ഐപിഎസ് ഓഫീസർ ആകണമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഇനി എനിക്ക് അത് സിനിമകളിൽ ചെയ്യാം എന്നാണ് ഞാൻ കരുതുന്നത്.
അമരനാണ് ശിവകാർത്തികേയന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തിയറ്ററിൽ 300 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ് അമരൻ. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ അമരൻ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് അമരൻ. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു അമരൻ. ചിത്രത്തിൽ മുകുന്ദ് വരദരാജൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്. മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. സായ് പല്ലവിയാണ് ചിത്രത്തിലെ നായികയായ ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രമായി എത്തിയത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.