സിനിമകൾ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് തനിക്കുണ്ടായിരുന്നു എന്ന് നടൻ ശിവകാർത്തികേയൻ. ഒരു സിനിമ യഥാർത്ഥത്തിൽ പരാജയപ്പെട്ടപ്പോഴാണ് ഫ്ലോപ്പ് ആകുന്ന അവസ്ഥ എന്താണെന്ന് മനസ്സിലായത്. പരാജയങ്ങളിൽ വേദനിക്കാതെ അതിനെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് മനസ്സിലായി. ഒരു സിനിമയിൽ സംഭവിച്ച തെറ്റ് ആവർത്തിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുക. തന്റെ സിനിമയിൽ പ്രതീക്ഷ വെച്ച് ആദ്യ ഷോയ്ക്ക് എത്തുന്നവരെ നിരാശപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഭയമുള്ളത് എന്ന് ശിവകാർത്തികേയൻ പിങ്ക് വില്ലയ്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശിവകാർത്തികേയൻ പറഞ്ഞത്:
സിനിമകൾ പരാജയപ്പെടുമോ എന്നുള്ള ഭയം നേരത്തെ മുതൽ ഉണ്ടായിരുന്നു. ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ അത് പരാജയമാകുമോ എന്ന് ആലോചിക്കാറുണ്ടായിരുന്നു. ഭാഗ്യം കൊണ്ടോ ആളുകളുടെ സ്നേഹം കൊണ്ടോ ആദ്യത്തെ എട്ടോളം സിനിമകൾ വിജയമായി. അതിന് ശേഷം ഒരു സിനിമ യഥാർത്ഥത്തിൽ ഫ്ലോപ്പായപ്പോഴാണ് പരാജയത്തെ കുറിച്ചുള്ള ഭയം ഇല്ലാതെയായത്. ഫ്ലോപ്പ് ആകുന്ന അവസ്ഥ എന്താണെന്ന് അപ്പോൾ മനസ്സിലായി. പരാജയങ്ങളിൽ വേദനിക്കാതെ അതിനെ അംഗീകരിക്കാനാണ് പഠിക്കേണ്ടതെന്ന് മനസ്സിലായി.
ഒരു സിനിമയിൽ സംഭവിച്ച തെറ്റ് മറ്റൊരു സിനിമയിൽ ആവർത്തിക്കാതിരിക്കുക എന്നത് മാത്രമാണ് ചെയ്യാൻ കഴിയുക. എന്നാലും തെറ്റുകൾ സംഭവിക്കാം. ഇങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. നല്ല സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുക എന്നത് മാത്രമല്ല സിനിമ. കുറെയധികം പദ്ധതികൾ അതിനെകുറിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്. ആദ്യ ഷോ കാണുന്നതിന് വേണ്ടി ആഘോഷമായി എത്തുന്നവരെ നിരാശപ്പെടുത്തുന്നതിനെ കുറിച്ച് മാത്രമാണ് എനിക്കിപ്പോൾ ഭയമുള്ളത്. ആരാധകർ ഓർക്കുന്നത് നമ്മളുടെ ഹിറ്റുകളായിരിക്കും. നമ്മളെ വെറുക്കുന്നവർ നമ്മുടെ പരാജയങ്ങൾ ഓർക്കും.
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ അമരൻ തിയറ്ററിൽ മികച്ച അഭിപ്രായങ്ങളൊടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജ് എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അമരൻ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.