താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി ഗായകരായ സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ വിസ്മയമായി തോന്നുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം. ഹരീഷിന്റെ കുറിപ്പ് പങ്കുവെച്ചായിരുന്നു സിത്താര രംഗത്തെത്തിയത്.
'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും', ഫെയ്‌സ്ബുക്കില്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു. ഹരീഷിന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു സിത്താര തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം താലിബാന്‍ കാബൂള്‍ നഗരവും പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി ജനങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. വിമാനത്താവളത്തിലേക്കുള്‍പ്പടെ ജനങ്ങള്‍ ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഫ്ഗാന്‍ ജനത നേരിടുന്ന ഭീഷണി ഇന്ത്യയിലെത്തിയ വനിതകള്‍ ഉള്‍പ്പടെ വ്യക്തമാക്കിയിരുന്നു. താലിബാന്‍ തങ്ങളുടെ സൃഹൃത്തുക്കളെ അടക്കം വധിക്കുമെന്നും, സ്ത്രീകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടാകില്ലെന്നുമായിരുന്നു കാബൂളില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഒരു വനിതയുടെ പ്രതികരണം. പെണ്‍കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകേണ്ടി വരുമെന്ന് സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്.