മണിരത്നം സംവിധാനം ചെയ്ത് അരവിന്ദ് സ്വാമിയും മനീഷ കൊയ്രാളയും ജോഡികളായെത്തിയ ബോംബൈ എന്ന ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും ഇന്നും ആരാധകരേറെയാണ്. ഹിന്ദിയിലും തമിഴിലുമായി എത്തിയ ചിത്രത്തിലെ രണ്ട് ഭാഷകളിലുമുള്ള ഗാനങ്ങളും ഒരുപോലെ ജനപ്രീതി നേടിയിട്ടുമുണ്ട്. സിനിമയുടെ തമിഴ് പതിപ്പിലെ ഗാനങ്ങൾ തന്നെയാണ് ഹിന്ദി പതിപ്പിലും ഉപയോഗിച്ചതെങ്കിലും ചില ഗാനങ്ങൾ ദക്ഷിണേന്ത്യൻ ഗായകരാണ് ആലപിച്ചത്. പിന്നണിയിൽ എല്ലാം ദക്ഷിണേന്ത്യൻ ഗായകരാണ് എന്ന ഓഡിയോ കമ്പനിയുടെ പരാതി മൂലമാണ് ഇത് സംഭവിച്ചതെന്ന് പറയുകയാണ് ഇപ്പോൾ ഗായിക കെ. എസ് ചിത്ര. ഉയിരേ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പായ തു ഹീ രേ എന്ന ഗാനം ആദ്യം ആലപിച്ചത് താനായിരുന്നുവെന്നും എന്നാൽ ഓഡിയോ കമ്പനിയുടെ നിർദ്ദേശപ്രകാരം എആർ റഹ്മാൻ തന്നോട് അനുവാദം വാങ്ങിയാണ് മറ്റൊരു ഗായികയെക്കൊണ്ട് അത് പാടിച്ചതെന്നും O2 ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കെ.എസ് ചിത്ര പറഞ്ഞു.
കെ.എസ് ചിത്ര പറഞ്ഞത്:
ഉയിരേ എന്ന ഗാനത്തിന്റെ ഹിന്ദിയായ തു ഹീ രേ എന്ന ഗാനവും ആദ്യം പാടിയത് ഞാനായിരുന്നു. അതിന് ശേഷം റഹ്മാൻ ജി എന്നെ ഫോണിൽ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു തു ഹീ രേ എന്ന പാട്ട് മാറ്റി പാടിക്കേണ്ടി വരും കാരണം ഓഡിയോ ലേബൽ ചെയ്തിരിക്കുന്ന കമ്പനി പരാതി പറഞ്ഞിട്ടുണ്ട് എന്ന്. സിനിമയിലെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ ഗായകരാണെല്ലോ അതുകൊണ്ട് ഞങ്ങൾക്ക് നോർത്ത് ഇന്ത്യൻ ഗായകർ കൂടി പിന്നണിയിൽ ഉൾപ്പെടുത്തണമെന്ന് അവർ നിർബന്ധം പറഞ്ഞു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിൽ എന്റെ അനുവാദം ചോദിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞാൻ അദ്ദേഹത്തിൽ എപ്പോഴും അഭിനന്ദിക്കുന്നൊരു കാര്യമാണ് അത്. മറ്റാരും അങ്ങനെ ചെയ്യില്ല. എന്നോട് ചോദിച്ചിട്ടാണ് അദ്ദേഹം മറ്റൊരു ഗായികയെക്കൊണ്ട് അതു പാടിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളും അതു ചെയ്യില്ല. അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായാണ് ഞാൻ കണക്കാക്കുന്നത്.
കെ.എസ്.ചിത്രയും ഹരിഹരനും ചേർന്ന് ആലപിച്ച ഗാനമാണ് ബോംബൈയിലെ ഉയിരേ എന്ന ഗാനം. എന്നാൽ തു ഹീ രേ എന്ന ഗാനം ഹരിഹരനൊപ്പം ആലപിച്ചത് കവിത കൃഷ്ണമൂർത്തിയായിരുന്നു. 1995 പുറത്തിറങ്ങിയ ബോംബൈ എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്.