ആത്മാഭിമാനമാണ് വലുത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർ മാപ്പ് പറയണം; കിവംദന്തികൾക്ക് മറുപടിയുമായി സിമ്രൻ

ആത്മാഭിമാനമാണ് വലുത്, എന്നെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർ മാപ്പ് പറയണം; കിവംദന്തികൾക്ക് മറുപടിയുമായി സിമ്രൻ
Published on

തന്റെ പേരിൽ തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ചവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടി സിമ്രൻ. കാലങ്ങളായി തന്റെ പേര് ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ താൻ നിശബ്ദയായാണ് ഇരുന്നതെന്നും എന്നാൽ ആത്മാഭിമാനമാണ് എല്ലാത്തിലും വലുത് എന്നും സിമ്രാൻ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നു. നടൻ വിജയ്യും സിമ്രാനും തമിഴിലെ മികച്ച ജോഡികളിൽ ഒന്നായിരുന്നു. അടുത്തിടെയാണ് സിമ്രൻ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും സിമ്രന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയിക്കാൻ നടി വിജയെ സമീപിച്ചെന്നും തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയിയിൽ പ്രചരിച്ചത്. സിമ്രന്റെ ആവശ്യം വിജയ്യ് നിരസ്സിച്ചെന്നും തുടർ‌ന്ന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രത്തിൽ അഭിനയിക്കാൻ സിമ്രൻ അവസരം ആവശ്യപ്പെട്ടു എന്നുമാണ് പുറത്തു വന്ന വാർത്തകൾ. എന്നാൽ പ്രചരിക്കുന്നതെല്ലാം തെറ്റായ വാർത്തകളാണെന്ന് സിമ്രൻ പറഞ്ഞു.

വലിയ നടന്മാർക്കൊപ്പം അഭിനയിക്കാനുള്ള ആ​ഗ്രഹമുള്ള ആളല്ല താൻ എന്നും ഇപ്പോഴുള്ള തന്റെ ലക്ഷ്യങ്ങൾ അത്തരം കാര്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നും സിമ്രൻ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിമ്രന്റെ പോസ്റ്റ്:

ആളുകൾക്ക് നിങ്ങളെ എങ്ങനെ വൈകാരികമായി മാനിപ്പുലേറ്റ് ചെയ്യാമെന്നതും അത് കണ്ടിട്ടും നിങ്ങളുടെ സുഹൃത്തുക്കള്‍ അതിനെ എത്രമാത്രം നിസാരമായി കാണുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദയായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഏതെങ്കിലും വലിയ നായകന്മാരോടൊത്ത് അണിനിരക്കാനും അവർക്ക് ഒപ്പം പ്രവർത്തിക്കാനുമുള്ള തീവ്രമായ ആ​ഗ്രഹങ്ങൾ എനിക്ക് ഇല്ല. ഞാൻ എന്റെ കരിയറിൽ അവിടെ വരെ എത്തുകയും, അത് ചെയ്യുകയും ചെയ്തിട്ടുള്ള ഒരാളാണ്. ഇപ്പോഴുള്ള എന്റെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയിൽ എനിക്കുള്ള പരിധികളെന്തൊക്കെയാണെന്ന് എനിക്ക് അറിയാം. വർഷങ്ങളായി സോഷ്യൽ മീഡിയയിൽ എന്റെ പേര് ചേർത്ത് വരുന്ന വാർത്തകളിൽ ഞാൻ നിശബ്ദയായി ഇരുന്നിട്ടുണ്ട്. എന്നാൽ ആത്മാഭിമാനം ആണ് എല്ലാത്തിലും വലുത്. 'നിർത്തു' എന്നത് ഒരു ശക്തിയേറിയ വാക്കാണ്. ആ വാക്കാണ് ഇപ്പോൾ ഇവിടെ ഏറ്റവും അനുയോജ്യമായത്. ഈ കിംവദന്തികള്‍ക്ക് അറുതി വരുത്താന്‍ ആരും തയ്യാറാവുകയോ അതിന് വേണ്ടി ശ്രമിക്കുകയോ ചെയ്തിട്ടില്ല. ആരും എന്റെ വികാരങ്ങളെക്കുറിച്ച് ശ്രദ്ധിച്ചില്ല. ഞാൻ ഒരിക്കലും എന്റെ പേര് മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞാൻ എപ്പോഴും എന്താണോ ശരി അതിന് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്. അതേ ആർജവമാണ് ഞാൻ എന്റെ തന്നെ ഇൻഡസ്ട്രിയിലെ വിവേകമുള്ള മറ്റ് ആളുകളിൽ നിന്നും പ്രതീക്ഷിച്ചതും. എന്നെക്കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ എന്നോട് ആത്മാർത്ഥമായി തന്നെ മാപ്പ് പറയേണ്ടതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in