ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ എന്ന് സംശയം, മരക്കാര്‍ മഹാഭാഗ്യമെന്ന് സിദ്ദീഖ്

ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ എന്ന് സംശയം, മരക്കാര്‍ മഹാഭാഗ്യമെന്ന് സിദ്ദീഖ്

Published on

മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സിനിമ ആയിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് നടന്‍ സിദ്ദീഖ്. ഏറ്റവും വലിയ സിനിമ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിശാലമായ കാന്‍വാസില്‍ ഉള്ള മലയാള സിനിമ എന്ന നിലയ്ക്കാണെന്നും, ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ എന്നും സിദ്ദീഖ്. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ദീഖ് അവതരിപ്പിക്കുന്നത്.

37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ പോകുന്നു, ഷൂട്ടിംഗ് നടക്കുന്നു. സ്വന്തം കഥാപാത്രം ചെയ്യുന്നു. പക്ഷെ ഈ സിനിമയില്‍ അങ്ങനല്ല. ഓരോ ദിവസവും സെറ്റിലെത്തുന്നത് വലിയ കൗതുകത്തോടെയാണ്. കപ്പല്‍ മുതല്‍ കടല്‍ വരെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്.

സിദ്ദീഖ്

പുതിയ എക്‌സ്പീരിയന്‍സ് ആണ്. ഓരോ ദിവസവും സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നുവെന്ന്. ഓരോ ദിവസവും കൗതുകത്തോടെയാണ് കാണുന്നത്. ഇനിയും ഇങ്ങനെയൊരു സിനിമ ഉണ്ടാകുമോ എന്ന് പറയാനാകില്ല. ഒരു ഹോളിവുഡ് സിനിമ ചെയ്യുന്നത് പോലെയാണ് മരക്കാര്‍ ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ അഭിനയിക്കാനായത് തന്നെ മഹാഭാഗ്യമാണ്. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്ന കൗതുകത്തോടെയാണ് മരക്കാര്‍ ചെയ്തതെന്നും സിദ്ദീഖ്.

പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആദ്യ ടീസര്‍ ആശിര്‍വാദ് സിനിമാസ് ആദ്യമായി നിര്‍മ്മിച്ച നരസിംഹം ഇരുപതാം വര്‍ഷത്തിലെത്തിയ ദിനത്തിലാണ് എത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്തുന്ന ടീസര്‍ ഗംഭീര വിഷ്വലൈസേഷനിലൂടെ പ്രിയന്‍ സിനിമകളുടെ ഗൃഹാതുരത തീര്‍ക്കുന്നു.

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍. ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. 2020 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. 5000 സ്‌ക്രീനുകളിലാണ് ഗ്ലോബല്‍ റിലീസ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമ, മോഹന്‍ലാല്‍ പറഞ്ഞത്

കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന തോന്നുന്നത്.

ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ എന്ന് സംശയം, മരക്കാര്‍ മഹാഭാഗ്യമെന്ന് സിദ്ദീഖ്
‘വളര്‍ത്തിയ മണ്ണ് ഉമ്മാനെ പോലെ’, പഞ്ച് ഡയലോഗിനൊപ്പം പടപ്പുറപ്പാടിന് മരക്കാര്‍ ടീസര്‍ കാണാം

ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടേ.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.

നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.

logo
The Cue
www.thecue.in