'90 ശതമാനം ഇന്ത്യക്കാരും വിമാനത്തിനോ എയർപോട്ടിലോ കയറിയിട്ടില്ല'; ഫെെറ്ററിന്റെ പരാജയകാരണത്തെക്കുറിച്ച് സിദ്ധാർഥ് ആനന്ദ്

'90 ശതമാനം ഇന്ത്യക്കാരും വിമാനത്തിനോ എയർപോട്ടിലോ കയറിയിട്ടില്ല'; ഫെെറ്ററിന്റെ പരാജയകാരണത്തെക്കുറിച്ച് സിദ്ധാർഥ് ആനന്ദ്
Published on

ഷാരൂഖ് ഖാന്‍ നായകനായ 'പത്താൻ' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ജനുവരിയിൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ഫെെറ്റർ‌. ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് റിലീസ് ദിനത്തിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിലെ ഈ തളർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിദ്ധാർഥ് ആനന്ദ്. ഇന്ത്യയിലെ വലിയൊരു ശതമാനം ആളുകളും വിമാനത്തില്ലോ എയർപോട്ടിലോ പോയിട്ടില്ല എന്നും പിന്നെ എങ്ങനെയാണ് ആകാശത്ത് എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസ്സിലാവും എന്ന് പ്രതീക്ഷിക്കാൻ കഴിയുക എന്നും ​ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് ആനന്ദ് പറഞ്ഞു. സിദ്ധാർഥ് ആനന്ദിന്റെ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് വരുന്നത്.

സിദ്ധാർഥ് ആനന്ദ് പറഞ്ഞത്:

ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ പരീക്ഷിക്കേണ്ടുന്ന ഴോണറാണ് ഇത്. ഇത് അധികമാരും പരീക്ഷിക്കാത്ത തികച്ചും പുതിയതായ ഒന്നാണിത്. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സ് പോയിന്റുകള്‍ ഇല്ല. അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും കമേഴ്സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്ന് അവര്‍ വിചാരിക്കും. നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്കും പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തില്‍ കയറിയിട്ടില്ല, അവർ ഒരിക്കലും എയര്‍പോര്‍ട്ടില്‍ പോയിട്ടില്ല. പിന്നെ എങ്ങനെയാണ് ആകാശത്ത് എന്താണ് നടക്കുന്നത് എന്ന് അവർക്ക് മനസ്സിലാവും എന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുക. പ്രേക്ഷകര്‍ക്ക് ഇത്തരം കഥകൾ കാണുമ്പോള്‍ അന്യഗ്രഹജീവിയെപ്പോലെയാണ് അതിനെ സമീപിക്കുക. ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്‌ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അങ്ങനെയുള്ള ആളുകള്‍ ഈ ആക്‌ഷന്‍ സീനുകള്‍ കാണുമ്പോള്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’ എന്ന വികാരമാവും ഉണ്ടാവുക. അതുകൊണ്ട് തന്നെ എനിക്ക് തോന്നുന്നത് ആളുകൾ ശരി വെയ്റ്റ് ചെയ്യാം എന്താ സംഭവിക്കുന്നത് എന്ന് കാണാം എന്ന തരത്തിൽ സിനിമയിൽ നിന്ന് കുറച്ച് ഡിസ്കണ്ക്ടഡ് ആയിട്ടുണ്ടാവാം എന്നാണ്. പക്ഷേ നിങ്ങൾ ഒരു തവണ ഈ സിനിമ കണ്ട് തുടങ്ങുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഇത് വളരെ ബേസിക്കായിട്ടുള്ള ചിത്രമാണ് എന്ന്. വളരെ വൈകാരികമായിട്ടുള്ള കഥയാണ് ഇത്. ഈ സിനിമയുടെ ഴോണർ വളരെ പുതിയതായിരുന്നു എന്നതാണ് ഫെെറ്റർ എന്ന ചിത്രത്തിനോട് തുടക്കത്തിൽ ഉണ്ടായിരുന്ന പ്രേക്ഷകരുടെ മടി. ഈ സിനിമ ഒരു മോശം സിനിമയാണ് എന്ന് ആരും പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല, പകരം കുഴപ്പമില്ല എന്നതിൽ നിന്ന് തുടങ്ങി വളരെ മികച്ചത് എന്നു വരെയാണ് ഈ സിനിമയെക്കുറിച്ച് കേട്ടത്. മാത്രമല്ല ഞാൻ എന്റെ തന്നെ ചിത്രത്തിന്റെ ഒരു ക്രിട്ടിക്ക് ആണ്.

ചിത്രത്തിൽ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. മിനൽ റാത്തോഡ് എന്ന മിന്നിയായാണ് ദീപിക പദുക്കോണും ഗ്രൂപ്പ് ക്യാപ്റ്റൻ രാകേഷ് ജയ് സിംഗ് എന്ന കഥാപാത്രത്തെ അനിൽ കപൂറും അവതരിപ്പിക്കുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി നായിക നായകന്മാരായി എത്തുന്ന ചിത്രം വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in