തനിയാവർത്തനം റീമേക്ക് ചെയ്യനാണ് ആ​ഗ്രഹിച്ചത്,പിന്നീട് അത് ​ഗുണയായി മാറി, ഭരതത്തിന്റെ തിരക്കുകൾ ​കമലിനെ ബാധിച്ചപ്പോൾ പിന്മാറി;സിബി മലയിൽ

തനിയാവർത്തനം റീമേക്ക് ചെയ്യനാണ് ആ​ഗ്രഹിച്ചത്,പിന്നീട് അത് ​ഗുണയായി മാറി, ഭരതത്തിന്റെ തിരക്കുകൾ ​കമലിനെ ബാധിച്ചപ്പോൾ പിന്മാറി;സിബി മലയിൽ
Published on

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിൽ വലിയ വിജയം നേടിയതിന് പിന്നാലെ വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ​ഗുണ. ​ഗുണ ആദ്യം സംവിധാനം ചെയ്യാനിരുന്നത് സിബി മലയിലായിരുന്നു. എന്നാൽ ഭരതം എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകൾ കാരണം ​ആ സിനിമയിൽ നിന്ന് സിബി മലയിലിന് പിന്മാറേണ്ടി വന്നു. ആ തിരക്കുകൾ പിന്നീട് കമൽ ഹാസനുമായുള്ള ബന്ധത്തെയും ബാധിച്ചു. എന്താണ് ​ഗുണയിൽ നിന്ന് പിന്മാറാൻ കാരണം എന്ന് മെെൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ തുറന്ന് പറയുന്നു.

സിബി മലയിൽ പറഞ്ഞത്:

ഭരതം എന്ന ചിത്രം കഴിഞ്ഞ് ഞാൻ ചെയ്യാനിരുന്നത് കമൽ ഹാസൻ ചിത്രം ​ഗുണയായിരുന്നു. പക്ഷേ ആ സിനിമയ്ക്ക് എത്താൻ വേണ്ടി ഞാൻ വെെകിപ്പോയത് കൊണ്ട് ആ പ്രൊജക്ടിൽ നിന്ന് എനിക്ക് മാറേണ്ടി വന്നു. ഭരതം എന്ന ചിത്രത്തിന്റേത് വളരെ പെട്ടന്ന് രൂപപ്പെട്ട കഥയാണ്. പെട്ടന്നാണ് അതിന്റെ റിലീസ് ഡേറ്റും ഫിക്സ് ചെയ്തത്. അതുകൊണ്ട് തന്നെ ഭരതം നടക്കുന്നതിനിടിയിൽ നിന്ന് പോയി എനിക്ക് ഒരിക്കലും കമൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലിരിക്കാൻ സാധിച്ചില്ല. ഞാൻ ചെല്ലുമ്പോഴേക്കും ഒരുപാട് താമസിക്കുകയും അ​ദ്ദേഹം കാത്തിരുന്ന് മടുക്കുകയും ചെയ്തു. അങ്ങനെയാണ് ആ സിനിമയുടെ ഭാ​ഗമാകാൻ കഴിയാതെ വന്നത്. അത് ചെറിയ തരത്തിൽ ഒരു അസ്വാരസ്യം അദ്ദേഹത്തിനും ഉണ്ടാക്കി. അങ്ങനെയാണ് അതിൽ നിന്ന് മാറേണ്ടി വന്നത്.

തനിയാവർത്തനം കിരീടം എന്നീ സിനിമകൾ കണ്ടതിന് ശേഷമാണ് അദ്ദേഹം എന്നെ സമീപിച്ചത്. അദ്ദേഹം എന്നെ വിളിക്കുന്നത് 90 കളുടെ പകുതിയോടെയാണ്. തനിയാവർത്തനം റീമേക്ക് ചെയ്യാൻ‌ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അതിന്റെ പ്രൊഡ്യൂസർ അദ്ദേഹത്തിൻ‌റെ ദീർഘകാല മനേജരായിരുന്ന സുബ്രമണ്യം എന്ന് പറയുന്ന ഒരാളായിരുന്നു. ഞാൻ അത് ചെയ്യാൻ തയ്യാറായിരുന്നു. ഞാൻ ഒരു തവണ ചെയ്ത കാര്യമല്ലേ അത് എനിക്ക് അതിനെക്കാൾ മുകളിൽ ചെയ്യാൻ പറ്റും. പിന്നെ വേറൊരു ഭാഷയിൽ അവരുടെ സംസ്കാരത്തിലേക്ക് അതിനെ കൊണ്ടുവരാൻ കഴിയും. പ്രത്യേകിച്ച് മലയാളികളെക്കാൾ കൂടുതൽ ഇത്തരത്തിലുള്ള ആചരങ്ങളും വിശ്വാസങ്ങളും ഒക്കെ അവിടെയുണ്ട്. അപ്പോൾ അത് കുറച്ചു കൂടി കൃത്യമായി അവിടെ ചെയ്യാൻ പറ്റും എന്നൊക്കെ എനിക്ക് സന്തോഷം തോന്നിയിരുന്നു. പക്ഷേ സുബ്രമണ്യം ഞാനും കമലും തമ്മിൽ സംസാരിക്കുമ്പോൾ അടുത്തിരിക്കുന്നുണ്ടായിരുന്നു, പുറത്തേക്ക് ഇറങ്ങിയപ്പോൾ‌ അദ്ദേഹം എന്നോട് വന്ന് പറഞ്ഞു. സാർ എനിക്ക് കിട്ടിയ ഒരു ഡേറ്റാണ് ഇത്. ഇതൊരു ക്ലാസ് പടമാണ്. അത് കൊമേഴ്ഷ്യലി എങ്ങനെ പോകും എന്ന് അറിയില്ല. കമൽ ഒരു ഡേറ്റ് തന്നിട്ട് അത് വെറുതേ കളയാൻ പാടില്ലല്ലോ? അദ്ദേഹം ഒരു മാസ്സ് കൊമേഴ്ഷ്യൽ സിനിമയാണ് അ​ഗ്രഹിക്കുന്നത് എന്ന് പറഞ്ഞു. അത് ഞാൻ കമലിനോട് ഈ കാര്യം പറഞ്ഞു. അപ്പോൾ കമലാണ് പറഞ്ഞത് അങ്ങനെയാണെങ്കിൽ വേറെ കഥ നോക്കാം എന്ന്. അങ്ങനെയാണ് അവസാനം ​ഗുണയിലേക്ക് എത്തുന്നത്. കമലിനും അത്തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. അദ്ദേഹം തന്നെ താൽപര്യമെടുത്ത് ഉണ്ടായ കഥയാണ് അത്. എനിക്ക് എല്ലാ വർഷവും പ്രണവത്തിന്റെ സിനിമ വിഷുവിന് ഷൂട്ടിം​ഗ് തുടങ്ങണം. ഈ സിനിമ ഒന്നും ആയില്ല എന്നത് കൊണ്ട് ഞാൻ ഭരതം ഷൂട്ട് ചെയ്യാനായി പോയി. അതിന്റെ ഷൂട്ടിം​ഗിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് കമൽ വിളിച്ചിട്ട് ഞാൻ നിങ്ങൾക്ക് വേണ്ടി മാസങ്ങളായി കാത്തിരിക്കുകയാണ്, എവിടെയാണ് നിങ്ങൾ എന്ന് ചോദിച്ചത്. ഞാൻ കാര്യം പറഞ്ഞു. നമുക്ക് ഈ സിനിമ പെട്ടന്ന് തുടങ്ങണം എന്ന് കമൽ പറ‍ഞ്ഞു. പക്ഷേ ഭരത്തിന്റെ തിരക്കുകൾ ഒഴിയുന്നുണ്ടായിരുന്നില്ല. ​ഗുണ എന്ന ചിത്രത്തിന്റെ മേക്ക് അപ്പ് ടെസ്റ്റിന് ഞാൻ ഉണ്ടാകണം എന്ന് കമൽ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അന്ന് എനിക്ക് കാഞ്ചീപുരത്ത് ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ അന്ന് കരുതിയത് മേക്ക് അപ്പ് ടെസ്റ്റ് എന്നാൽ മേക്ക് അപ്പ് ചെയ്തിട്ട് ഫോട്ടോ എടുക്കുന്നതാണ് എന്നാണ്. വെെകുന്നേരം പോയി കണ്ടാൽ മതിയല്ലോ എന്നാണ് കരുതിയത്. ഞാൻ ഷൂട്ട് കഴിഞ്ഞ് എത്തുമ്പോഴാണ് അറിഞ്ഞത് അവിടെ ഒരു മുഴുവൻ ക്യാമറ വച്ച് നടത്തിയ ഷൂട്ടാണ് നടന്നത് എന്ന്. സംവിധായകൻ അതിൽ ഇല്ലാതെ പോയി എന്നത് അദ്ദേഹത്തിന് പരിഭവമുണ്ടാക്കി. അങ്ങനെ എനിക്ക് മനസ്സിലായി വല്ലാത്ത ഒരു അകൽച്ച അവിടെ സംഭവിച്ചു എന്ന്. അങ്ങനെയാണ് അതിൽ നിന്ന് പിന്മാറിയത്.

Related Stories

No stories found.
logo
The Cue
www.thecue.in