'ഇരുപത്തിനാല് വർഷത്തിന്റെ ചെറുപ്പം, നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം'; സിബി മലയിൽ

'ഇരുപത്തിനാല് വർഷത്തിന്റെ ചെറുപ്പം, നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം'; സിബി മലയിൽ
Published on

ഇരുപത്തിനാല് വർഷത്തിന്റെ ചെറുപ്പം പേറുന്ന ദേവദൂതനിലെ സ്നേഹ ചിത്രം പങ്കുവച്ച് സംവിധായകൻ സിബി മലയിൽ. ഏറെ പ്രതീക്ഷയോടെ എത്തിയിട്ടും തിയറ്ററിൽ പരാജയം നേരിട്ട സിബി മലയിലിന്റെ സ്വപ്നം ചിത്രം ഇന്ന് വീണ്ടും കൂടുതൽ മിഴിവോടെ തിയറ്ററുകളിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് ഒരുങ്ങുമ്പോൾ കാലം തെറ്റി ഇറങ്ങിയ സിനിമ എന്നും മലയാളത്തിന്റെ അണ്ടര്‍ റേറ്റഡ് ക്ലാസിക്ക് മൂവി എന്നും തുടങ്ങി നിരവധി വിശേഷണങ്ങൾ പുതുതലമുറ ദേവദൂതന് നൽകിയിട്ടുണ്ട്. തന്റെ സ്വപ്ന ചിത്രം ഇന്ന് വീണ്ടും തിയറ്ററുകളിലേക്ക് എത്തുമ്പോൾ അതിനെ തള്ളാനും കൊള്ളാനുമുള്ള അവകാശം പ്രേക്ഷകർക്ക് വിട്ടു നൽകുകയാണ് എന്നും പരാതികളോ പരിഭവങ്ങളോ ഇല്ല എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ സിബി മലയിൽ പറയുന്നു.

സിബി മലയിലിന്റെ പോസ്റ്റ്:

എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം .(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് )

കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ് ... തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം.

2000-ൽ പുറത്തിറങ്ങിയ ദേവദൂതൻ കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമിച്ചത്. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം.

Related Stories

No stories found.
logo
The Cue
www.thecue.in