'സദയത്തിന് മുമ്പ് എം.ടിക്കൊപ്പം ചെയ്യാനിരുന്നത് 'ജൂലിയസ് സീസർ', മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മെ​ഗാ പ്രൊജക്ട്ട്'; സിബി മലയിൽ

'സദയത്തിന് മുമ്പ് എം.ടിക്കൊപ്പം ചെയ്യാനിരുന്നത് 'ജൂലിയസ് സീസർ', മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മെ​ഗാ പ്രൊജക്ട്ട്'; സിബി മലയിൽ
Published on

സദയം ചെയ്യുന്നതിന് മുൻപ് ജൂലിയസ് സീസർ ചെയ്യാനാണ് എം ടി തന്നോട് നിർദ്ദേശിച്ചിരുന്നത് എന്ന് സംവിധായകൻ സിബി മലയിൽ. മമ്മൂട്ടിയെയും മോഹൻലാലിനെയും അടക്കം ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രധാനപ്പെട്ട അഭിനേതാക്കളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മെ​ഗാ പ്രൊജക്ടായിട്ടാണ് അതിനെ എടുക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും പക്ഷേ അന്നത്തെ മലയാള സിനിമയുടെ സാഹചര്യങ്ങളിൽ അത്ര വലിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാനുള്ള മാർക്കറ്റ് ഇല്ലാത്തതു കൊണ്ട് തന്നെ അത് പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു എന്നും സിബി മലയിൽ പറഞ്ഞു. സദയം എന്ന ചിത്രം കണ്ട് എം ടിയുടെ പ്രതികരണമറിയാൻ ഒരു കുട്ടിയെപ്പോലെ താൻ പുറത്ത് കാത്തു നിന്ന അനുഭവവും മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കവേ സിബി മലയിൽ പങ്കുവച്ചു.

സിബി മലയിൽ പറഞ്ഞത്:

സിനിമയിലേക്ക് എത്തിയപ്പോൾ ഏതൊരു സംവിധായകനും ആ​ഗ്രഹിക്കുന്നത് പോലെ എംടി സാറിന്റെ തിരക്കഥ സിനിമയാക്കാനുള്ള ഒരു ആ​ഗ്രഹവും സ്വപ്നവും എനിക്കുമുണ്ടായിരുന്നു. പക്ഷേ ഒരിക്കലും അദ്ദേഹത്തിനോട് അത് ചോദിക്കുവാനുള്ള ആത്മ വിശ്വാസം എനിക്കുണ്ടായിരുന്നില്ല. അതിനുള്ള യോ​ഗ്യതയും അർഹതയും എനിക്കുണ്ടോ എന്നുള്ള ഉറപ്പ് എനിക്ക് ഇല്ലാത്തത് കൊണ്ട് തന്നെയാണ് അത്. പക്ഷേ അത്ഭുതകരമായി അദ്ദേഹത്തിലേക്കുള്ള വഴി എന്റെ മുന്നിൽ തുറക്കപ്പെടുകയായിരുന്നു. അതിന് കാരണക്കാരനായത് സദയത്തിന്റെ നിർമാതാവായ വിജയകുമാറാണ്. ആദ്യമായി അദ്ദേഹത്തിനോട് ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം നിർ‌ദ്ദേശിച്ചത് ജൂലിയസ് സീസർ ചെയ്യാമോ എന്നാണ്. അതിനായിട്ട് അദ്ദേഹത്തോടൊപ്പം ലൊക്കേഷൻ തേടി മെെസൂർ അടക്കമുള്ള സ്ഥലങ്ങളിൽ പോകാനുള്ള ഭാ​ഗ്യവും എനിക്കുണ്ടായി. എന്നാൽ അത് വലിയൊരു പ്രൊജക്ടായിട്ടാണ് വിഭാവനം ചെയ്തത്. മലയാളത്തിലെ മുഖ്യ അഭിനേതാക്കളായ ശ്രീ മമ്മൂട്ടി, ശ്രീ മോഹൻലാൽ ഉൾപ്പടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രധാനപ്പെട്ട അഭിനേതാക്കളെ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടൊരു മെ​ഗാ പ്രൊജക്ടായിട്ടാണ് അതിനെ കൺസീവ് ചെയ്തത്. പക്ഷേ അന്നത്തെ മലയാള സിനിമയുടെ സാഹചര്യങ്ങളിൽ അത്ര വലിയ ഒരു ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യാനുള്ള ഒരു മാർക്കറ്റ് മലയാളത്തിൽ ഇല്ലാത്തതു കൊണ്ട് തന്നെ അത് തൽക്കാലത്തേക്ക് മാറ്റി വച്ചു കൊണ്ട് എംടി സാർ തന്നെയാണ് നിർദ്ദേശിച്ചത്, നമുക്ക് നമ്മുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരു സിനിമ ചെയ്യാം എന്ന്. അങ്ങനെയാണ് സദയത്തിലേക്ക് എത്തുന്നത്. സദയം ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ‌ ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിച്ച ഒരു ഘട്ടം എന്ന് പറയുന്നത് കോഴിക്കോട് ഷൂട്ട് ചെയ്യുമ്പോൾ സാർ ലൊക്കേഷനിലേക്ക് വരുന്ന സമയമാണ്. എപ്പോഴും ഒന്നും സാർ വരാറില്ല, പക്ഷേ വരുന്ന ചില മണിക്കൂറുകൾ ഞാൻ ഏറ്റവും കടുത്ത സമ്മർദ്ദത്തിലായിരിക്കും. കാരണം ഞാൻ ചെയ്യുന്നതൊക്കെ അദ്ദേഹം കണ്ടു കൊണ്ടിരിക്കുകയാണ്. ഞാൻ ചെയ്യുന്നതൊക്കെ ശരിയണോ അദ്ദേഹം ഉദ്ദേശിച്ചത് തന്നെയാണോ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് തുടങ്ങിയ പേടികൾ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് ആ സിനിമയുടെ ഡബിൾ പോസ്റ്റീവ് മദ്രാസിൽ കാണാനായി അദ്ദേഹം എത്തിയപ്പോൾ, അതിന്റെ ഷോ കഴിയുന്ന സമയത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി പരീക്ഷയുടെ റിസൾട്ട് അറിയാൻ കാത്തു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ നിൽക്കുകയായിരുന്നു. അദ്ദേഹം പുറത്തേക്ക് ഇറങ്ങി വരുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുകയാണ്. അത് ആ സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമായി ഞാൻ ഏറ്റെടുത്തു. അതാണ് ശരി എന്ന് പിന്നീട് പല ഘട്ടങ്ങളി‍ൽ പലപ്പോഴായി അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ എനിക്ക് മനസ്സിലായി. അദ്ദേഹം ആ​ഗ്രഹിച്ചത് പോലെ അത് ചെയ്യാനുള്ള പ്രപ്തി എനിക്കുണ്ട് എന്ന് അദ്ദേഹം പലയിടത്തും പറഞ്ഞതും എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ ഏറ്റവും വലിയ അം​ഗീകാരമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in