മഹേശ്വറായി ആദ്യം ആലോചിച്ചത് നസീറുദ്ദീൻ ഷായെ : ദേവദൂതന്റെ എഴുത്തോർമ്മകൾ പങ്കിട്ട് സിബി മലയിൽ

മഹേശ്വറായി ആദ്യം ആലോചിച്ചത് നസീറുദ്ദീൻ ഷായെ : ദേവദൂതന്റെ എഴുത്തോർമ്മകൾ പങ്കിട്ട് സിബി മലയിൽ
Published on

സിനിമയാകുന്നതിന് ഒരുപാട് കാലം മുൻപ് എഴുതിയ ദേവദൂതന്റെ കഥയിൽ അന്ധനായ യുവാവായി ആലോചിച്ചത് നസീറുദ്ദീൻ ഷായെ ആയിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. നായികയായി ആലോചിച്ചത് മാധവിയെ ആയിരുന്നു എന്നും സിബി മലയിൽ പറഞ്ഞു. അന്ന് ആ രീതിയിൽ സിനിമ ഇറങ്ങാതെ ഇരുന്നതിൽ നവോദയ അപ്പച്ചൻ എന്ന നിർമ്മാതാവിന്റെ ദീർഘവീക്ഷണമുണ്ടായിരുന്നു എന്നും 2000 ത്തിലെ ആളുകൾ തള്ളിക്കളഞ്ഞ സിനിമ അതിനും മുൻപ് ഇറങ്ങിയിരുന്നെങ്കിലുള്ള അവസ്ഥ ഇന്ന് ആലോചിക്കുമ്പോൾ ഭയപ്പെടുത്തുന്നുണ്ട് എന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതൻ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 26 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

സിബി മലയിൽ പറഞ്ഞത് :

സിനിമയിലെ സംഗീതം എന്ന ഘടകം അന്ന് എഴുതുമ്പോഴും ഉണ്ടായിരുന്നു. ആരാണ് സംഗീത സംവിധാനം എന്നുള്ള കാര്യമൊന്നും ആദ്യ ഘട്ടത്തിൽ ആലോചനയിൽ ഉണ്ടായിരുന്നില്ല. പക്ഷെ അഭിനേതാക്കളുടെ കാര്യത്തിൽ ഞാൻ രഘുവിനോട് ചർച്ച ചെയ്തിരുന്നത്, അന്ധനായ യുവാവായി നസീറുദ്ദീൻ ഷായും ലേഡിയായി മാധവിയുമായിരുന്നു. മാധവിയെ തന്നെ രണ്ടു പ്രായത്തിലും അവതരിപ്പിക്കാനായിരുന്നു ആലോചന. സംഗീതം ഉൾപ്പെടെയുള്ള കാര്യങ്ങൾ അപ്പോൾ ആലോചിച്ചിരുന്നില്ല. പക്ഷെ അന്ന് ആ രീതിയിൽ സിനിമ ഇറങ്ങിരുന്നെങ്കിൽ എന്തായിരിക്കും റിസൾട്ട് എന്ന് ഞാൻ ഇപ്പോൾ ഭയപ്പെടുകയാണ്. 2000 ത്തിലെ ആളുകൾ തള്ളിക്കളഞ്ഞ സിനിമ അതിനും മുൻപ് ഇറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും. ഒരുപക്ഷെ അപ്പച്ചൻ സാറിനെ പോലെ ദീർഘവീക്ഷണമുള്ള ഒരു നിർമാതാവ് അത് നേരത്തെകൂട്ടി കണ്ടിട്ടുണ്ടാവണം. നിരന്തരമായി വിജയങ്ങൾ സമ്മാനിക്കുന്ന ഒരു നിർമ്മാണ കമ്പനിയിൽ നിന്ന് ഇത്ര വലിയ ഒരു പരീക്ഷണം ചെയ്തിട്ട് പരാജയമുണ്ടാകുമോ എന്ന് അദ്ദേഹം ആലോചിച്ചിട്ടുണ്ടാവും. അതായിരിക്കാം ആ പടം അന്ന് സംഭവിക്കാതെ പോയത്.

2000-ൽ പുറത്തിറങ്ങിയ ദേവദൂതൻ കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമിച്ചത്. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം.

Related Stories

No stories found.
logo
The Cue
www.thecue.in