'ആ സിനിമയിലെ ആസിഫിന്റെ പ്രകടനം കണ്ട് ഒരു ഔട്ട്സ്റ്റാന്റിം​ഗ് ആക്ടർ അയാൾക്കുള്ളിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു'; സിബി മലയിൽ

'ആ സിനിമയിലെ ആസിഫിന്റെ പ്രകടനം കണ്ട് ഒരു ഔട്ട്സ്റ്റാന്റിം​ഗ് ആക്ടർ അയാൾക്കുള്ളിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു'; സിബി മലയിൽ
Published on

അപൂർവരാ​ഗത്തിലെ ആസിഫലിയുടെ പ്രകടനത്തിൽ നിന്നു തന്നെ അദ്ദേഹം മികച്ച ഒരു അഭിനേതാവാണ് എന്ന് താൻ മനസ്സിലാക്കിയിരുന്നുവെന്ന് സംവിധായകൻ സിബി മലയിൽ. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയ​രം​ഗത്തേക്ക് കടന്നു വന്നയാളാണ് ആസിഫ് അലി. 2010 ന് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത ആറ് സിനിമകളിൽ നാല് സിനിമകളിലും ആസിഫ് അലിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിബി മലയിലിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലായി തിയറ്ററുകളിലേക്കെത്തിയ ചിത്രം കൊത്തിലും ആസിഫ് അലിയായിരുന്നു നായകൻ. പത്ത് വർഷത്തിന് ശേഷം കൊത്ത് എന്ന സിനിമയ്ക്ക് വേണ്ടി ഒന്നിക്കുമ്പോൾ ആസിഫ് എന്ന നടന് വലിയ തരത്തിലുള്ള വളർച്ചയുണ്ടായി കഴിഞ്ഞിരുന്നുവെന്നും സിബി മലയിൽ പറയുന്നു. തുടർച്ചയായി എന്തുകൊണ്ടാണ് ആസിഫ് അലിയെ വച്ച് സിനിമ ചെയ്യുന്നത് എന്ന ചോദ്യത്തിന് കൗമുദി മൂവീസിനോട് പ്രതികരിക്കുകയായിരുന്നു സിബി മലയിൽ.

സിബി മലയിൽ പറഞ്ഞത്:

ഞാനും ആസിഫും ചേർന്ന് ആദ്യമായി ചെയ്യുന്ന സിനിമ അപൂർവരാ​ഗമാണ്. അപൂർവരാ​ഗത്തിലെ ആസിഫിന്റെ പെർഫോമൻസ് കണ്ട് ഒരു ഔട്ട്സ്റ്റാന്റിം​ഗ് ആക്ടർ അയാൾക്കുള്ളിൽ ഉണ്ട് എന്ന തോന്നൽ എനിക്കുണ്ടാക്കിയിരുന്നു. അങ്ങനെയാണ് പെട്ടന്ന് ഒരു പ്രൊജക്ട് വന്നപ്പോൾ അതിലേക്ക് ആസിഫിനെ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്. അതിന് ശേഷം ഒരു പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊത്ത് എന്ന സിനിമ ചെയ്യുന്നത്. അപ്പോഴേക്കും ആസിഫ് എന്ന നടന് വലിയ തരത്തിലുള്ള വളർച്ചയുണ്ടായി കഴിഞ്ഞിരുന്നു.

സിബി മലയിൽ സംവിധാനം ചെയ്ത 2000 ൽ പുറത്തിറങ്ങിയ ദേവദൂതൻ എന്ന ചിത്രം വീണ്ടും തിയറ്ററുകളിൽ റീറിലീസിനെത്തിയിരിക്കുകയാണ്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചത്. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in