'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ
Published on

പാടാൻ ഏറ്റവും കൂടുതൽ പ്രയാസമായി തോന്നിയ തെന്നിന്ത്യൻ ഭാഷ മലയാളമാണെന്ന് ഗായിക ശ്രേയ ഘോഷാൽ. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഗാനങ്ങൾ പാടിയിട്ടുണ്ട്. എന്നാൽ അതിൽ തന്നെ പാടാൻ ഏറ്റവും പ്രയാസമുള്ള ഭാഷ മലയാളമായിരുന്നു. പാട്ടുകൾ പാടിയിട്ടുണ്ടെകിലും സൗത്ത് ഇന്ത്യൻ ഭാഷകൾ തെറ്റ് കൂടാതെ സംസാരിക്കാൻ തനിക്കറിയില്ല. പ്രണയം മാത്രമല്ല മലയാളം ഗാനങ്ങളിലെ സന്ദർഭം. ഏറെ ആഴമുള്ള സിനിമകളും ഗാനങ്ങളുമാണ് മലയാളത്തിലേതെന്നും അവിടെയുള്ള ഗാനങ്ങൾ കാവ്യാത്മകമാണെന്നും മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിൽ ശ്രേയ ഘോഷാൽ പറഞ്ഞു. കരീന കപൂർ അവതാരകയായ പരിപാടിയിൽ വ്യത്യസ്ത ഭാഷകളിൽ പാടുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗായിക.

ശ്രേയ ഘോഷാൽ പറഞ്ഞത്:

ഒരു ദിവസം തന്നെ ഒന്നിലധികം ഭാഷയിൽ പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. നമ്മളുടെ രാജ്യത്തിനെ സംബന്ധിച്ച് പ്രത്യേകതയുള്ള കാര്യമാണ് അത്. ഹിന്ദി കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് ബംഗാളിയിലാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെല്ലാം പാട്ടുകൾ പാടിയിട്ടുണ്ട്. എന്നാൽ സൗത്ത് ഇന്ത്യൻ ഭാഷകൾ നന്നായി സംസാരിക്കാൻ എനിക്കറിയില്ല. വരികളോടൊപ്പം അതെങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്നതിനെ കുറിച്ചെല്ലാം കൃത്യമായ നിർദ്ദേശം ലഭിക്കാറുണ്ട്. ഇതൊക്കെയാണ് ഇന്ത്യയെന്ന രാജ്യത്ത് ജനിച്ചതുകൊണ്ട് ജീവിതത്തിൽ സംഭവിക്കുന്ന മായാജാലങ്ങൾ. മറ്റേത് രാജ്യത്താണ് ഇത്രയധികം ഭാഷകളിൽ പാടാൻ അവസരമുണ്ടാകുക. ഓരോ ഭാഷയും തീർത്തും വ്യത്യസ്തമാണ്. ഒരു ഭാഗ്യമായിട്ടാണ് അതിനെ ഞാൻ കാണുന്നത്. അഭിമാനമായി തോന്നാറുണ്ട് ഇതെല്ലാം. സൗത്ത് ഇന്ത്യൻ ഭാഷകളിൽ പാടാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയിട്ടുള്ള ഭാഷ മലയാളമാണ്. വളരെ ആഴമുള്ള സിനിമകളാണ് മലയാളം സിനിമകൾ. ഒരു പെൺകുട്ടിക്ക് പ്രണയം ഉണ്ടാകുന്നതുപോലെയുള്ള സന്ദർഭങ്ങളല്ല മലയാളം പാട്ടുകളിൽ ഉള്ളത്. അമ്മ, മകൾ, സൗഹൃദം പോലെ വിശാലമായ ആശയങ്ങൾ പാട്ടിനുണ്ട്. വളരെ കാവ്യാത്മകമായിരിക്കും പാട്ടുകൾ.

20 വ്യത്യസ്തത ഭാഷകളിലായി മൂവായിരത്തോളം ഗാനങ്ങളാണ് ശ്രേയ ഘോഷാൽ ഇതുവരെ ആലപിച്ചിട്ടുള്ളത്. മികച്ച ഗായികയ്ക്കുള്ള 5 ദേശിയ പുരസ്കാരങ്ങളും ശ്രേയ ഘോഷാലിന് ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in