ഷോർട്ട് ഫിലിമും കാസർ​ഗോട്ടേക്ക് ; ക്ലീഷേ പ്രണയങ്ങൾ വിട്ടുപിടിച്ച് അനുരാ​ഗ് എൻജിനീയറിം​ഗ് വർക്ക്സ്

ഷോർട്ട് ഫിലിമും കാസർ​ഗോട്ടേക്ക് ; ക്ലീഷേ പ്രണയങ്ങൾ വിട്ടുപിടിച്ച്  അനുരാ​ഗ് എൻജിനീയറിം​ഗ് വർക്ക്സ്
Published on

നാട്ടു വഴികളിലൂടെയും മൊഴികളിലൂടെയും മലയാളസിനിമ സഞ്ചരിച്ചു തുടങ്ങിയ കാലമാണ്. മുഖ്യധാരാ ചിത്രങ്ങള്‍ക്കൊപ്പം അതേ തനിമ നിലനിര്‍ത്താന്‍ ഹ്രസ്വ ചിത്രങ്ങളും ശ്രമിക്കുന്നതിന്റെ പുത്തന്‍ ഉദാഹരണമാണ് 'അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്'. തനി കാസര്‍ഗോടന്‍ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഗ്രാമീണതയുടെ ലാളിത്യം പകര്‍ന്ന് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വളരെ സുപരിചിതമായ കഥാപാത്രങ്ങളും കഥാപശ്ചാത്തലങ്ങളും, മലയാള സിനിമയിലെ ക്ളീഷേ പ്രണയങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നതിനൊപ്പം അത്തരം ആസ്വാദനങ്ങളെ തമാശരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെ പരിചിതനായ വിനീത് വാസുദേവനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ ഓരോ കോണുകളിലുമുള്ള 'അനുരാഗേട്ടന്മാരെ' മനോഹരമായാണ് വിനീത് അവതരിപ്പിക്കുന്നത്. ടോക്‌സിക് പ്രണയങ്ങള്‍ പോലും കാല്പനികവത്കരിച്ച് ശീലിച്ച മലയാള സിനിമാലോകത്തിനുള്ള ഏറ്റവും നല്ല മറുപടിയാണ് കിരണ്‍ ജോസി സംവിധാനം ചെയ്തിരിക്കുന്ന അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്. അഖില ഭാര്‍ഗവനാണ് നീതു എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.

ഒട്ടും നാടകീയത തോന്നിക്കാത്ത രീതിയിലുള്ള പ്രകടനമാണ് സിനിമയും അതിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാത്ത അവതരണം. കുടുംബശ്രീ ട്രോളുകളും തമാശകളും ആസ്വദിച്ച പ്രേക്ഷകരോട് അതിലെ കൂട്ടുകെട്ടുകളും ആ സൗഹൃദങ്ങള്‍ നല്‍കുന്ന കരുത്തും വെളിപ്പെടുത്താന്‍ സിനിമ ശ്രമിക്കുന്നു.

സംഭാഷണങ്ങളിലെ നിഷ്‌കളങ്കത കൂടുതല്‍ ഹൃദ്യമാക്കാന്‍ കാസര്‍ഗോടന്‍ സംസാര രീതിക്ക് സാധിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ അഭിനയത്തോടൊപ്പം കാണുന്നയാള്‍ക്കു അവരോട് അടുപ്പം തോന്നിക്കുന്നത്തിന് ആ ശൈലി ഗുണം ചെയ്യുന്നുണ്ട്. അടുത്തിറങ്ങുന്ന സൂപ്പര്‍ഹിറ്റ് സിനിമകളില്‍ പോലും പരീക്ഷിച്ച് വിജയിക്കുന്ന ഫോര്‍മുല. കാസര്‌കോടിന്റെ കാഴ്ചകള്‍ കൂടിയാകുമ്പോള്‍ അതിന്റെ ആസ്വാദനം കൂടുതല്‍ ഭംഗിയാകുന്നു.

കണ്ടുമടുത്ത പ്രണയകഥകള്‍ക്കു നടുവില്‍ പുതുമയാവുകയാണ് 'അനുരാഗേട്ടനും നീതുവും'. അവര്‍ക്കു പുറമെ പക്വമായ അവതരണം കൊണ്ട് ഓരോ കഥാപാത്രവും മികച്ചതാവുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡി, റീജു ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in